കോടതിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ വാര്‍ത്തകളാക്കരുതെന്ന്‍ ഗവര്‍ണര്‍ പി. സദാശിവം

 

p sadasivam

വിധിപ്രസ്താവത്തിന് മുമ്പ് കോടതിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ വാര്‍ത്തകളാക്കുന്നത് നല്ലതല്ലെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പലതലങ്ങളില്‍ ചര്‍ച്ച നടത്തേണ്ടതുണ്ട്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കോടതിക്കുള്ളില്‍ ചര്‍ച്ച നടക്കുമ്പോള്‍ അത് വാര്‍ത്താ തലക്കെട്ടുകളായി ദൃശ്യ-പത്രമാധ്യമങ്ങളില്‍ വരുന്നതായും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് കൂടിയായ സദാശിവം പറഞ്ഞു.

‘ ക്രിമിനല്‍ ജസ്റ്റിസ് സെന്റന്‍സിങ് ആന്‍ഡ് പബ്ലിക് പോളിസി ‘ എന്നവിഷയത്തില്‍ ഗവ. ലോ കോളേജില്‍ ആരംഭിച്ച ദേശീയ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിമിനല്‍ നടപടിചട്ടത്തിലെ ഭേദഗതിക്ക് നിര്‍ണായകമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞത് പശ്ചിമബംഗാളില്‍ നിന്നുവന്ന ഒരു പത്രവാര്‍ത്തയാണെന്ന് സദാശിവം പറഞ്ഞു. ഇത് സംബന്ധിച്ച സമിതിയില്‍ താന്‍ അംഗമായിരുന്ന കാലത്ത് പശ്ചിമബംഗാളില്‍ നടന്ന കൂട്ടബലാത്സംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബലാത്സംഗത്തിനിരയായ സ്ത്രീകളില്‍ നിന്ന് മൊഴിയെടുക്കേണ്ടത് വനിതാ കോണ്‍സ്റ്റബിളാണെന്നും സ്വകാര്യ ആശുപത്രികളില്‍ സൗജന്യമായി ചികിത്സ നല്‍കണമെന്നുമുള്ള നിര്‍ദേശത്തിന് നിയമപരമായി പ്രാബല്യം നല്‍കി.
ക്രിമിനല്‍ നടപടിച്ചട്ട ഭേദഗതി മലയാളത്തില്‍ തര്‍ജമ ചെയ്ത് എല്ലാ പോലീസുകാര്‍ക്കും എത്തിച്ചുനല്‍കാന്‍ ഇവിടത്തെ ആഭ്യന്തരമന്ത്രിയോട് ഒരു ചടങ്ങിനിടയില്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.