റെയില്‍ ബജറ്റ് 2015 ജനപക്ഷത്തുനിന്ന്

malayalam breaking news, online malayalam news portal

ഇന്ത്യക്കാര്‍ക്ക് ഒരു ധാരണയുണ്ടായിരുന്നു ഇന്നലെവരെ !
റെയില്‍വേ ബജറ്റ് എന്നാല്‍ പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്ന ചടങ്ങാണ് എന്ന വിവരദോഷം സംസ്ഥാനങ്ങള്‍ തിരിച്ച് എത്ര പുതിയ ട്രെയിനുകള്‍ കിട്ടി എന്ന വിശകലനമാണ് ബജറ്റിനെ വിലയിരുത്തുന്ന മാനദണ്ഡമായി രാഷ്ട്രീയക്കാരും വിശകലന വിദഗ്ദരും സ്വീകരിച്ചിരുന്നത്. ശ്രീ.സുരേഷ് പ്രഭു അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ ഒരു പുതിയ ട്രെയിന്‍ പോലും ഇല്ല എന്നിട്ടും CNN-IBN ടെലിവിഷന്‍ ചാനല്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 84% പേരും ഈ ബജറ്റിനെ GOOD എന്ന് വിശേഷിപ്പിച്ചു.

പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കുക അതില്‍ പകുതിപോലും നടപ്പില്‍ വരാതിരിക്കുക. പുതിയ പാതകള്‍ പ്രഖ്യാപിക്കുക എന്നാല്‍ നിലവിലുള്ള പാതകളുടെ ജോലികള്‍ ഇഴഞ്ഞു നീങ്ങുക. ഒരിക്കലും മാറാത്ത കോച്ചുകള്‍ തുടര്‍ന്ന് കൊണ്ടുപോവുക. കഴിച്ചില്ലെങ്കില്‍ മരിച്ചുപോവുമെന്ന അവസ്ഥ വന്നാല്‍ പോലും കഴിക്കാന്‍ തോന്നാത്ത വൃത്തിഹീനമായ ഭക്ഷണം. വൃത്തിഹീനം എന്ന വാക്ക് തികയില്ല ടോയ്ലറ്റുകളെക്കുറിച്ച് പറയാന്‍. വികസനത്തിലേയ്ക്ക് കുതിക്കുന്നു എന്ന് വീമ്പിളക്കുന്ന രാജ്യത്ത് ഇന്നും ആളില്ലാ ലെവല്‍ ക്രോസ്സുകള്‍ റോഡുഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുത്തുന്ന ലെവല്‍ ക്രോസുകള്‍ വേറെ. സുരക്ഷ എന്നത് ഇക്കാലമത്രയും വാക്കില്‍ മാത്രം. ദിവസങ്ങളോളം ഇഴഞ്ഞു നീങ്ങുന്ന പ്രധാന ട്രെയിനുകള്‍. വികസനം എത്തിനോക്കാത്ത റെയില്‍വേ സ്റ്റെഷനുകള്‍. ഒരു ചടങ്ങ് പോലെ നിരക്ക് വര്‍ധന എക്കാലത്തും.

ഇതിനെല്ലാമുള്ള ഉത്തരമാണ് കേന്ദ്ര റെയില്‍ മന്ത്രി ഇന്നലെ അവതരിപ്പിച്ച ബജറ്റിലുള്ളത്. ഒരു കാര്യം വ്യക്തം. നരേന്ദ്രമോദി ഒരു വര്‍ഷത്തേയ്കോ രണ്ടുവര്‍ഷത്തേയ്ക്കോ ഭരിക്കാനല്ല അധികാരമേറ്റിട്ടുള്ളത്‌. ആയിരുന്നെങ്കില്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ തികച്ചും ജനപ്രിയമായ ബജറ്റ് അവതരിപ്പിക്കാമായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ബീഹാറിനും ബംഗാളിനും വാരിക്കോരി കൊടുക്കാമായിരുന്നു. മറിച്ച് വരുന്ന 5 വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായതന്നെ മാറ്റുന്നതിനുള്ള ആദ്യ ചുവടുവെയ്പ്പാണ് നടത്തിയിട്ടുള്ളത്. ഇതിനെ ബജറ്റ് എന്ന്‍ പറയുന്നതിന് പകരം റെയില്‍വേയ്ക്ക് ഒരു VISION DOCUMENT എന്നു വിളിക്കുന്നതായിരിക്കും നല്ലത്.

കേരളം ചോദിച്ചത് കിട്ടിയില്ല
(മലയാള മനോരമ 2015 ഫെബ്രുവരി 27)

പ്രായോഗികമായ ആവശ്യങ്ങള്‍ മാത്രം മുന്നോട്ട് വെച്ചിട്ടും കേരളത്തിന് റെയില്‍വേ ബജറ്റില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ല എന്ന് ആദ്യ പേജില്‍ പറയുന്ന മനോരമ പതിനൊന്നാം പേജില്‍ കേരളത്തിന് കിട്ടിയത് അക്കമിട്ട് നിരത്തുന്നു. പുതിയ പാത മുതല്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വരെ നിരത്താന്‍ പേജിന്റ പകുതിയോളം സ്ഥലം ഏറെക്കുറെ വേണ്ടിവന്നു എന്നതാണ് രസകരമായ വസ്തുത.

എല്ലാ ബജറ്റ് കഴിയുമ്പോഴും ഉള്ള സ്ഥിരം മുറവിളിയാണ് കേരളത്തിന് ഒന്നുമില്ല എന്നത്. പുതിയ ട്രെയിന്‍ ആണോ കേരളത്തിന് വേണ്ടത്. പുതിയ ട്രെയിന്‍ ആര്‍ക്കും ഇല്ല എന്നത് ശ്രദ്ധിക്കുക. കാലാകാലങ്ങളില്‍ ബജറ്റില്‍ ഉള്‍പ്പെടുത്താത്ത പുതിയ ട്രെയിനുകള്‍ കേരളത്തിന് ലഭിച്ചിട്ടില്ലേ? നിലവിലുള്ള വികസന പദ്ധതികള്‍ തീര്‍ക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേരളത്തിന് മാത്രം 1200 കോടിയോളം രൂപയാണ് ബജറ്റില്‍ വകവരുത്തിയിട്ടുള്ളത്. ഇതു പോരേ?

ലക്ഷ്യങ്ങള്‍ -4

സുഖയാത്ര, സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവത്കരണം, സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങളാണ് ശ്രീ. സുരേഷ്പ്രഭു നിര്‍ദ്ദേശിക്കുന്നത്. എത്രയോ വര്‍ഷങ്ങളായി റെയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളാണ് ബജറ്റിന്റെ കാതല്‍. യാത്രികര്‍ക്ക് നല്ല ഭക്ഷണം ഉറപ്പുവരുത്തുന്നത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റ് മുന്നോട്ട് വെയ്ക്കുന്നു. വനിതാ കമ്പാര്‍ട്ടുമെന്റില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിയ്ക്കുന്നത് സുരക്ഷയില്‍ പ്രധാനമാണ്. വൃത്തിയുള്ള ട്രെയിനുകളും സ്റ്റേഷനുകളും ശുചിമുറികളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയവയ്ക്ക് ബജറ്റ് സമഗ്ര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നു. മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ നമ്പരുംവനിതാ സുരക്ഷയ്ക്ക് പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പരും എടുത്തുപറയേണ്ടവതന്നെ.

ചെറുതെന്ന്‍ തോന്നാമെങ്കിലും ഏറെ പ്രാധാന്യമുള്ള അനവധി നിര്‍ദ്ദേശങ്ങള്‍ ഇ ബജറ്റിനെ സമ്പന്നമാക്കുന്നു. സമയത്തിന്റെ വില അറിയാവുന്ന ആളാണ്‌ സുരേഷ് പ്രഭു എന്ന് തീര്‍ച്ച. ട്രെയിനുകളുടെ പുറപ്പെടല്‍ എത്തിച്ചേരല്‍ അറിയിക്കാന്‍ SMS റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റ് 5 മിനിട്ടിനുള്ളില്‍, ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ എന്നിവ അനാവശ്യ സമയനഷ്ടത്തില്‍ നിന്നും യാത്രക്കാര്‍ക്ക് ആശ്വാസമേകും.

പ്രായമായവര്‍ക്കും വികലാംഗര്‍ക്കും ഗര്‍ഭിണികളായ യാത്രക്കാര്‍ക്കും ആശ്വസിക്കാന്‍ വകയേറെ. ഉയര്‍ന്ന ബെര്‍ത്തില്‍ കയറാന്‍ സൌകര്യമായ ഗോവെണികള്‍, ലോവര്‍ ബര്‍ത്തുകളില്‍ മുന്‍ഗണന, ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോള്‍ തന്നെ ഭക്ഷണവുംബുക്ക്‌ ചെയ്യുക, ഏതു ക്ലാസ്സിലും നിലവാരമുള്ള കിടക്ക വിരിയും അനുബന്ധ സാമഗ്രിയും എന്നിവ ഈ ഗണത്തില്‍ പെടുന്ന യാത്രക്കാര്‍ക്ക് നല്‍കുന്ന ആശ്വാസം ഊഹിക്കാവുന്നതിലേറെയാണ്.

വികസനത്തിന് പണം

സുരേഷ് പ്രഭു വിഭാവനം ചെയ്യുന്ന സമഗ്ര അടിസ്ഥാന വികസനത്തിന് എവിടെ നിന്നും പണം കണ്ടെത്തും എന്ന് ഏവരും ചോദിക്കുന്നു. ഇതിനും മന്ത്രി ഉത്തരം നല്‍കിയിട്ടുണ്ട്. എന്തായാലും യാത്രാക്കൂലി വര്‍ധിപ്പിച്ച് ജനത്തിനെ ബുദ്ധിമുട്ടിക്കില്ല എന്ന്‍ തീരത്ത് പറയുന്ന മന്ത്രി പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്‌ എന മാര്‍ഗമാണ് മുന്നോട്ട് വെയ്ക്കുന്നത്. ദീര്‍ഘകാല വായ്പാ നല്‍കാന്‍ LIC ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് മന്ത്രി പറയുന്നു. സ്വകാര്യ പങ്കാളിത്തം സ്റ്റേഷനുകളുടെ വികസനത്തില്‍ സ്വീകരിക്കും. റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് മറ്റൊന്ന്‍. പ്രതിദിനം യാത്രചെയ്യുന്നവരുടെ എണ്ണം 2.1 കോടിയില്‍ നിന്നും 3 കോടിയായി ഉയര്‍ത്തുക. പ്രതിവര്‍ഷം 100 കോടി ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്നത് 150 കോടിയിലേക്ക് ഉയര്‍ത്തുക.

ലക്ഷ്യങ്ങള്‍ നേടാന്‍ 5 കര്‍മ്മ പരിപാടികള്‍

ഇടക്കാല വികസന പദ്ധതികള്‍, സ്വകാര്യ പങ്കാളിത്തം. അധിക വിഭവ സമാഹരണം, മാനേജ്മെന്റ് തലത്തില്‍ പുന ക്രമീകരണം, സദ്‌ഭരണവും സുതാര്യതയും, എന്നീ കര്‍മ്മപരിപാടികളാണ് റെയില്‍ മന്ത്രി അവതരിപ്പിച്ചത്. റെയില്‍വേയെ സ്വയം പര്യാപ്തമാക്കി ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് വ്യക്തം.

ഒരു ദിവസം കൊണ്ടല്ല റോം നിര്‍മ്മിച്ചത്‌ എന്ന് മന്ത്രി പറയുന്നത് വരാനിരിക്കുന്ന വന്‍ വികസന പദ്ധതികളിലേക്കുള്ള ചൂണ്ടുവിരലായി കാണണം. ലാഭം നേടാതെ ഒരു സ്ഥാപനത്തിനും നിലനില്‍ക്കാനാവില്ല. റെയില്‍ യാത്രക്കാരും കസ്റ്റമര്‍മാരാണ്. ഉപഭോക്താവിന്റെ സംതൃപ്തിയാണ് ലാഭാത്തിലേക്കുള്ള ആദ്യ ചവിട്ടുപടി. ഇതു തിരിച്ചറിഞ്ഞാണ്‌ ബജറ്റവതരിപ്പിച്ച ആദ്യ റെയില്‍വേ മന്ത്രിയാണ് ശ്രീ. സുരേഷ് പ്രഭുവെന്ന് നിശംശയം പറയാം.

ചരക്കുകൂലിയിലെ വര്‍ദ്ധന 10.8% മുതല്‍ 12% വരെ അധിക വരുമാനം കണ്ടെത്താന്‍ റെയില്‍വേയെ സഹായിക്കും. എന്നാല്‍ ഇതുമാത്രമായിരിക്കാം വിമര്‍ശകര്‍ക്ക് ലഭിക്കുന ഏക ആയുധം.

ഇനി ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍വറുത്തുന്നിടത്താണ് റെയില്‍ മന്ത്രിയുടെ മിടുക്ക് കാണാനിരിക്കുന്നത്. ബജറ്റില്‍ കണ്ട വ്യത്യസ്തത പ്രവര്‍ത്തിയിലും കണ്ടാല്‍ ഇന്ത്യന്‍ റെയില്‍വേ ലോകനിലവാരത്തിലേക്ക് ഉയരാന്‍ ഏറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരില്ല. തീര്‍ച്ച.