ന്യൂസിലാന്‍ഡ് വിറച്ച് നേടി

wc nz aus

കെയ്ന്‍ വില്യംസിനോട് ന്യൂസിലാന്‍ഡ് നന്ദി പറയണം. അവസരോചിതമായി ബാറ്റ് വീശി വില്യംസ് നേടിയ 45 റണ്‍സ് ഇല്ലായിരുന്നെങ്കില്‍ മത്സര ഫലം മറ്റൊന്നായേനെ. ഓസ്‌ട്രേലിയയെ വെറും 151 റണ്‍സില്‍ ഒതുക്കിയിട്ടും ന്യൂസിലന്‍ഡിന് ജയിക്കാന്‍ 9 വിക്കറ്റുകളും ബലി നല്‍കേണ്ടി വന്നു.ഒടുവില്‍ 24ാം ഓവറിന്റെ ആദ്യ പന്തില്‍ കുമ്മിന്‍സിനെ അതിര്‍ത്തി കടത്തി കടത്തിയപ്പോള്‍ ആഹ്ലാദത്തേക്കാള്‍ മാനം കാത്തതിന്റെ ആശ്വാസമായിരുന്നു ന്യൂസിലന്‍ഡുകാര്‍ക്ക്. 152 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡിന് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം മികച്ച തുടക്കമാണ് നല്‍കിയത്.വമ്പന്‍ ഷോട്ടുകളുമായി ക്രീസ് നിറഞ്ഞ മക്കല്ലം 21 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തി. എന്നാല്‍ മക്കല്ലം വീണതോടെ ന്യൂസിലന്‍ഡിന്റെ തകര്‍ച്ച തുടങ്ങി. ഒന്നിന് 78 ല്‍ നിന്നും 4 ന് 79 ലേക്ക് കിവികള്‍ കൂപ്പുകുത്തി. അഞ്ചാം വിക്കറ്റില്‍ കോറി ആന്‍ഡേഴ്‌സണൊപ്പം വില്യംസണ്‍ ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും 131 ല്‍ ആന്‍ഡേഴ്‌സണും മടങ്ങി. വാലറ്റവും തകര്‍ന്നെങ്കിലും വില്യംസണ്‍ ടീമിനെ വിജയ തീരത്തേക്ക് നയിച്ചു. 6 വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ന്യൂസിലന്‍ഡിനെ ഞെട്ടിച്ചത്. നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് മികച്ച തുടക്കത്തിന് ശേഷം അവിശ്വസനീയമായി തകരുകയായിരുന്നു. അവസാന വിക്കറ്റില്‍ ബ്രാഡ് ഹാഡിനും കുമ്മിന്‍സും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 45 റണ്‍സാണ് ഇന്നിംഗ്‌സിന് അല്‍പമെങ്കിലും മാന്യത പകര്‍ന്നത്.32.2 ഓവറില്‍ 151 റണ്‍സിന് ഓസ്‌ട്രേലിയ എല്ലാവരും പുറത്തായി. ഒരു വിക്കറ്റിന് 80 റണ്‍സില്‍ നിന്നാണ് 9 വിക്കറ്റിന് 106 റണ്‍സിലേക്ക് ഓസീസ് തകര്‍ന്നടിഞ്ഞത്.10 ഓവറില്‍ 28 റണ്‍സിന് 5 വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടാണ് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ ബോള്‍ട്ട് ഊരിയത്. രണ്ട് വിക്കറ്റ് വീതമെടുത്ത ടിം സൗത്തിയും ഡാനിയല്‍ വെട്ടോറിയും ബോള്‍ട്ടിന് മികച്ച പിന്തുണ നല്‍കി. ബ്രാഡ് ഹാഡിനും ഡേവിഡ് വാര്‍ണറും ഒഴിച്ച് മറ്റാര്‍ക്കും ഓസീസ് നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല