അനായാസ ജയത്തോടെ ഇന്ത്യ ക്വാർട്ടറിൽ

wc ind uae

പെര്‍ത്ത്: പ്രതീക്ഷിച്ചതിനപ്പുറം ഒന്നും സംഭവിച്ചില്ല, ലോകക്രിക്കറ്റിലെ കുഞ്ഞൻമാരെ നിലം തൊടാൻ അനുവദിക്കാതെ 9 വിക്കറ്റ് ജയവുമായി ഇന്ത്യ ലോകകപ്പിന്റെ ക്വാർട്ടറിൽ ഇടം ഉറപ്പിച്ചു. ആദ്യ രണ്ട് മത്സരത്തിലും പൊരുതി തോറ്റ് കയ്യടി നേടിയ യുഎഇക്കാരെ പൊരുതാൻ പോയിട്ട് നടു നിവർത്താൻ പോലും ധോണിയും സംഘവും സമ്മതിച്ചില്ല. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് മുതൽ തന്നെ യുഎഇയുടെ തകർച്ചയും തുടങ്ങി. 31.3 ഓവറിൽ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ സ്കോർ ബോർഡിൽ 102 റൺസ്. നാല് വിക്കറ്റുമായി ആർ അശ്വിനും 2 വിക്കറ്റ് വീതം വീഴ്ത്തി രവീന്ദ്ര ജഡേജയും ഉമേശ് യാദവും ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകി.35 റൺസെടുത്ത ഷൈമാൻ അൻവറാണ് യുഎഇയുടെ ടോപ് സ്കോറർ. മലയാളി താരം കൃഷ്ണ ചന്ദ്രൻ നാല് റൺസെടുത്ത് പുറത്തായി.പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉപ്പു നോക്കാൻ പോലുമില്ലാത്ത സ്കോർ. 14 റൺസെടുത്ത ധവാന്റെ മാത്രം നഷ്ടത്തിൽ നിലവിലെ ചാമ്പ്യൻമാർ 187 പന്ത് ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ കഴിയാതിരുന്ന രോഹിത് ശര്‍മ ഇത്തവണ ബാറ്റിംഗിൻരെ ഉത്തരവാദിത്വം ഏറ്റെടുത്തു. 55 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത രോഹിതാണ് ടോപ്‌സ്‌കോറര്‍. കോഹ്ലി 41 പന്തില്‍ നിന്ന് 33 റണ്ണെടുത്തു. ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്