വിഷുവെത്തും മുന്‍പേ

S4വിഷുവെത്തും മുന്‍പേ കണിക്കൊന്ന പൂത്തിറങ്ങി.കേരളത്തിന്റെ കാര്‍ഷികോത്സവങ്ങളിലൊന്നായിരുന്ന മേടവിഷുവിന് വിശ്വാസത്തിന്റെയും ഐതീഹ്യത്തിന്റെയും നിറപ്പകിട്ടുകൂടി ചാര്‍ത്തപ്പെട്ടതോടെ ഇന്ന് വിഷു കേരളത്തിന്റെ തനത് ആഘോഷങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.വിഷുവിന്റെ പ്രധാന ചടങ്ങുകളിലൊന്ന് കണിയൊരുക്കലാണ്.കണിയിലൊഴിവാക്കാനാകാത്തതാണ് കണിക്കൊന്ന പ്പൂവ്.മീനമാസത്തിന്റെ അവസാനത്തോടുകൂടി പൂക്കുന്ന കര്‍ണികാരം മേടത്തില്‍ സൂര്യശോഭയെ വെല്ലുന്ന സുവര്‍ണശോഭയായി കേരളത്തിന്റെ യഥാര്‍ത്ഥ വസന്തത്തെ വിളിച്ചറിയിച്ചിരുന്നു.എന്നാല്‍ കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം കര്‍ണികാരം മീനമാസത്തിന്റെ തുടക്കത്തില്‍ തന്നെ പൂവണിഞ്ഞു.വേനല്‍ക്കാലത്താണ് കണിക്കൊന്നകള്‍ സാധാരണയായി പൂവിടുന്നത്.ഇത്തവണ വേനല്‍ നേരത്തേ കടുത്തത് കൊന്ന നേരത്തേതന്നെ പൂക്കുന്നതിന് കാരണമായി.എന്നാല്‍ വേനല്‍മഴയും നേരത്തേ എത്തിയതോടെ വിടര്‍ന്ന പൂക്കള്‍ അധികവും കൊഴിയുന്നതിന് കാരണമാകും.ഇതോടെ കണിയൊരുക്കുന്നതിന് പൂവില്ലാത്ത അവസ്ഥയാകും.കാഷ്വിയാ ഫിസ്റ്റുലാ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കണിക്കൊന്ന മുന്‍പ് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സമൃദ്ധമായി കണ്ടിരുന്നു.ഇന്ന്  ഗ്രാമങ്ങള്‍ പോലും നാഗരീകതയ്ക്ക് വഴിമാറിയതോടെ ഔഷധഗുണത്തിലും മുന്‍പിലായിരുന്ന കൊന്നകളും ഏറെക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞു.കിഴക്കന്‍ മേഖലയിലെ ഗ്രാമപ്രദേശങ്ങളില്‍ കണിക്കൊന്നകള്‍ പൂത്ത് നില്‍ക്കുന്നത് നയനമനോഹര കാഴ്ചയാണ്.പക്ഷേ കൊന്നകള്‍ നേരത്തേ പൂത്തതിനാല്‍ വിഷുവിന് കണിയൊരുക്കാന്‍ പൂക്കളുണ്ടാകുമോ എന്ന ആശങ്കയുമുണ്ട്.