അഗ്നിശമനസേനാ വിഭാഗത്തിലെ ഒൻപതു ജീവനക്കാരെ റിമാൻഡ് ചെയ്തു.

karipoor

കോഴിക്കോട് വിമാനത്താവളം അഗ്നിശമനസേനാ വിഭാഗത്തിലെ ഒൻപതു ജീവനക്കാരെ 27 വരെ കോടതി റിമാൻഡ് ചെയ്തു. ജവാൻ എസ്.എസ്. യാദവിനു വെടിയേറ്റ കൈത്തോക്ക് ഉപയോഗിച്ച സിഐഎസ്എഫ് എസ്ഐ സീതാറാം ചൗധരിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ചൗധരിയുടെ കയ്യിലിരുന്നപ്പോഴാണു തോക്കിൽനിന്നു വെടിയുതിർന്നതെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു തെളിഞ്ഞ സാഹചര്യത്തിലാണിത്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് 100 സിഐഎസ്എഫുകാരെ ബാംഗ്ലൂരിലേക്ക് സ്ഥലം മാറ്റി.സിഐഎസ്എഫിന്റെ ഐജി സംഭവവുമായി ബന്ധപ്പെട്ടു തെളിവെടുപ്പിനായി മൂന്നു ദിവസമായി സ്ഥലത്തുണ്ട്. സ്ഥലംമാറ്റപ്പട്ടികയിൽ പേരുണ്ടെങ്കിലും കേസ് ഉള്ളതിനാൽ സ്ഥലംവിട്ടു പോകരുതെന്നു പൊലീസ് നിർദേശ നൽകിയിട്ടുണ്ട്.

കരിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതിരാജു പറഞ്ഞു. കരിപ്പൂരിൽ നടന്നത് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമായിരുന്നു. ആർക്കും നിയമം കൈയിലെടുക്കാനാകില്ല. നിർഭാഗ്യകരമായ സംഭവമാണുണ്ടായത്. വളരെ ഗൗരവത്തോടെയാണ് ഇക്കാര്യത്തെ പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.