വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം.

sania
വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം. ഫൈനലില്‍ റഷ്യയുടെ എകാത്തറീന മകറോവ-എലേന വെസ്‌നിന ജോഡിയെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: (5-7, 7-6, 7-5). ഡബിള്‍സില്‍ സാനിയയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്. നേരത്തെ മൂന്നു തവണ മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്.

സെന്റര്‍ കോര്‍ട്ടില്‍ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് വനിതാ ഡബിള്‍സ് ഒന്നാം സീഡുകളായ സാനിയ സഖ്യം ജയം സ്വന്തമാക്കിയത്. ഒന്നാം സീഡുകളായ സാനിയ-മാര്‍ട്ടിന സഖ്യത്തെക്കാള്‍ വാശിയും ഊര്‍ജസ്വലതയും പുറത്തെടുത്തത് വെസ്‌നിന-മകറോവ ജോഡിയാണ്. ആദ്യ സെറ്റ് 57ന് വെസ്‌നിന-മകറോവ സഖ്യം സ്വന്തമാക്കി. ടൈബ്രേക്കറിലൂടെയാണ് സാനിയ-ഹിംഗിസ് സഖ്യം രണ്ടാം സെറ്റ് നേടിയത്. കടുത്ത പോരാട്ടത്തിനൊടുവില്‍ മൂന്നാം സെറ്റും നേടി സാനിയാ സഖ്യം കിരീടമുറപ്പിച്ചു.

മാര്‍ട്ടിന ഹിംഗിസ് മൂന്നാം തവണയാണ് വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കുന്നത്. രണ്ടാമത്തെ ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടവും.
പുരുഷ വിഭാഗം ഡബിള്‍സില്‍ ജെയ്മി മറെജോണ്‍-പീര്‍സ് സഖ്യത്തെ പരാജയപ്പെടുത്തി ജൂലിയന്‍ റോജര്‍-ഹോറിയ ടെക്കാവു സഖ്യം കിരീടം നേടി. സ്‌കോര്‍ 7-6, 6-4, 6-4.