അംബാനി സഹോദരങ്ങള്‍ ഒന്നിക്കുന്നു.

RELIANCE
ഫോര്‍-ജി മൊബൈല്‍ഫോണ്‍ സേവനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അംബാനി സഹോദരങ്ങള്‍ ഒന്നിക്കുന്നു. സ്വകാര്യ ജീവിതത്തിലും ബിസിനസ് രംഗത്തും ദീര്‍ഘനാളായി നിലനിന്നിരുന്ന പിണക്കങ്ങള്‍ക്ക് ഒടുവിലാണ് അംബാനി സഹോദരങ്ങള്‍ വ്യവസായ സംരഭവുമായി ഒന്നിക്കുന്നത് എന്നത് ശ്രദ്ധേയമാണ് . ഈ വര്‍ഷം അവസാനത്തോടെ ഫോര്‍-ജി സേവനങ്ങള്‍ ആരംഭിക്കാനാണ് അനില്‍ അംബാനിയും മുകേഷ് അംബാനിയും തീരുമാനിച്ചിരിക്കുന്നത്.

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയാണ് റിലയന്‍ കമ്മ്യൂണിക്കേഷന്‍സിന്റെ വാര്‍ഷികയോഗത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഗ്രൂപ്പുമായി സ്‌പെക്ട്രം പങ്കുവെയ്ക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്.

”എന്റെ മൂത്ത സഹോദരനായ മുകേഷ് അംബാനിയോട് എല്ലാ പിന്തുണയ്ക്കും മാര്‍ഗനിര്‍ദ്ദേശത്തിനും എന്നും ഞാന്‍ കടപ്പെട്ടിരിക്കുന്നു, വീണ്ടുമുള്ള ഈ കൂടിച്ചേരലില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് സ്വര്‍ഗ്ഗത്തിലുള്ള ഞങ്ങളുടെ പിതാവായിരിക്കും’ ഇങ്ങനെയാണ് ബിസിനസ് രംഗത്തെ ഒത്തുചേരലിനെ കുറിച്ച് അനില്‍ അംബാനി പ്രതികരിച്ചത്.

ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഉണ്ടായ വര്‍ധിച്ച മല്‍സരമാണ് ബിസിനസ് ഭീമന്‍മാരെ ഒന്നിച്ച് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ടെലികോം മേഖല വാഴുന്ന സുനില്‍ മിത്തലിന്റെ എയര്‍ടെല്ലിനും കുമാര്‍ മംഗളം ബിര്‍ലയുടെ ഐഡിയയ്ക്കും അന്താരാഷ്ട്ര ഭീമന്‍മാരായ വോഡഫോണിനും എതിരെയുള്ള ശക്തമായ പോരാട്ടത്തിനായാണ് അംബാനി സഹോദരന്‍മാര്‍ ഒന്നിക്കുന്നത്‌ എന്നതും പ്രാധാന്യമര്‍ഹിക്കുന്നു.