കാത്തുനിന്ന കുട്ടികളെ അദ്ദേഹം നിരാശപ്പെടുത്തിയത് എന്തിന്?

yesudas
ഗാനഗന്ധര്‍വന്‍ യേശുദാസിനൊപ്പം പാട്ടുപാടാന്‍ കഴിയുമെന്നാശിച്ച്‌ മണിക്കൂറുകളോളം കാത്തുനിന്ന കുട്ടികളെ അദ്ദേഹം നിരാശപ്പെടുത്തിയത് എന്തിന്?

സംസ്‌ഥാന സര്‍ക്കാരിന്റെ പബ്ലിക്‌ റിലേഷന്‍സ്‌ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ വകുപ്പ്‌ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശത്തിനായി പാടൂ എന്ന പരിപാടിയായിരുന്നു വേദി.

യേശുദാസിനൊപ്പം പാട്ടുപാടാന്‍ കഴിയുമെന്നാശിച്ച്‌ മണിക്കൂറുകളോളം കാത്തുനിന്ന കുട്ടികളെ കാത്തിരുന്നതു നിരാശ മാത്രമായിരുന്നു . കുട്ടികള്‍ക്കൊപ്പം പാടാനും മൈതാനത്തിറങ്ങാനും വിസമ്മതിച്ച അദ്ദേഹം കുട്ടികള്‍ക്കു നേരേ കൈവീശിയതു കൂടിയില്ല.

ഏറെ നിര്‍ബന്ധിച്ചെങ്കിലും വിദ്യാര്‍ഥികള്‍ക്കൊപ്പം പാടില്ലെന്ന നിലപാടില്‍ യേശുദാസ്‌ ഉറച്ചുനിന്നു. വേദിയില്‍ നിന്ന്‌ ഇറങ്ങി അവര്‍ക്കൊപ്പം നില്‍ക്കണമെന്ന ആവശ്യത്തോടും ആദ്യം മുഖംതിരിച്ചു എങ്കിലും ഏറെ നേരത്തെ അഭ്യര്‍ഥനയെ തുടര്‍ന്ന്‌ അദ്ദേഹം വേദിയില്‍ നിന്ന്‌ ഇറങ്ങി കുട്ടികള്‍ നില്‍ക്കുന്ന ഭാഗത്തേക്ക്‌ ഇന്നോവ കാറില്‍ എത്തി. യേശുദാസ്‌ തങ്ങളോടൊപ്പം പാടുമെന്നു പ്രതീക്ഷിച്ച കുട്ടികള്‍ ആര്‍പ്പുവിളിച്ചു. എന്നാല്‍ കാറില്‍ നിന്ന്‌ ഇറങ്ങാന്‍ അദ്ദേഹം തയാറായില്ല.

യേശുദാസും നേതാക്കളും പോയതോടെ വേദിയും സദസും ഒഴിഞ്ഞു. കാണാനും കേള്‍ക്കാനും ആരുമില്ലാതിരുന്നിട്ടും കുട്ടികള്‍ ഗാന്ധിജിയുടെ ഇഷ്‌ടകീര്‍ത്തനങ്ങള്‍ ആലപിച്ചു. സംസ്‌ഥാന അവാര്‍ഡ്‌ ജേതാക്കളായ സുധീപ്‌ കുമാര്‍, രാജലക്ഷ്‌മി എന്നിവരുള്‍പ്പെട്ട ഗായകസംഘം വേദിയിലുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി, മന്ത്രിമാരായ രമേശ്‌ ചെന്നിത്തല, കെ.സി. ജോസഫ്‌ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം പെയ്‌ത മഴയില്‍ സ്‌റ്റേഡിയത്തില്‍ ചെളിയുണ്ടായതാണോ കാരണം!
കുട്ടികള്‍ ഭാവിപ്രതീക്ഷയാണെന്നു പ്രസംഗിച്ച യേശുദാസ്‌ പ്രവൃത്തിയില്‍ കുട്ടികളെ അവഗണിച്ചതിനെതിരേ വിമര്‍ശനമുയര്‍ന്നതില്‍ തെറ്റുണ്ടോ ?