ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ പ്രസിഡന്റ്

S M
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി ശശാങ്ക് മനോഹറിനെ ഏകകണ്‌ഠ്യേന തിരഞ്ഞെടുത്തു. ബി.സി.സി.ഐയുടെ പ്രത്യേക യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. മുംബൈയില്‍ നടക്കുന്ന പ്രത്യേക യോഗത്തില്‍ അദ്ദേഹം സ്ഥാനമേറ്റെടുക്കും.ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചതോടെ വന്ന ഒഴിവിലേക്കാണ് ഇദ്ദേഹമെത്തുന്നത്.

പ്രമുഖ അഭിഭാഷകനായ ശശാങ്ക് മനോഹര്‍ ശരദ് പവാറിന്റെ പിന്‍ഗാമിയായി 2008ലാണ് ബി.സി.സി.ഐയുടെ തലപ്പത്ത് ആദ്യമായെത്തിയത്. ക്രിക്കറ്റ് ബോര്‍ഡിന്റെ കിഴക്കന്‍സോണിലെ ഏഴ് യൂണിറ്റുകളും നേരത്തേ തന്നെ ശശാങ്ക് മനോഹറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് സോണ്‍ ആണ് ശശാങ്കിനെ നാമനിര്‍ദ്ദേശം ചെയ്തത്. ശ്രീനിവാസന്‍ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതിനാല്‍ ശശാങ്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ബിസിസിഐ തലപ്പത്തേക്ക് വീണ്ടുമെത്താനുള്ള എന്‍ ശ്രീനിവാസന്റെ നീക്കത്തെ ചെറുക്കുന്നതിന്റെ ഭാഗമായാണ് ശശാങ്കിന് വീണ്ടും ബിസിസിഐ അധ്യക്ഷനാകാനുള്ള നറുക്കുവീണത്. ശ്രീനിവാസനൊപ്പം മറ്റൊരു മുന്‍ പ്രസിഡന്റായ ശരദ് പവാറും അധ്യക്ഷക്കസേരയ്ക്കായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ശ്രീനിവാസനെ ഒഴിവാക്കാന്‍ ബിസിസിഐ സെക്രട്ടറിയായ അനുരാഗ് താക്കൂറിന്റെയും ശരദ് പവാറിന്റെയും പക്ഷങ്ങള്‍ ശശാങ്കിനെ പിന്തുണയ്ക്കുകയായിരുന്നു.

2010 ല്‍ ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ പ്രതിയായ ലളിത് മോദിക്കെതിരെ ശക്തമായ നടപടിയൈടുക്കാനും ശശാങ്ക് മുന്‍കൈയെടുത്തു. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ശശാങ്ക് മനോഹര്‍ ഐ.പി.എല്‍ കോഴ വിവാദം സമിതിയെ പ്രതിസന്ധിയിലാക്കിയ കാലഘട്ടത്തിലാണ് വീണ്ടും ഇതേ പദവിയിലെത്തുന്നതെന്നും ശ്രദ്ധേയമായ ഒരു കാര്യമാണ്.