വൈദ്യശാസ്ത്ര നൊബേൽ സമ്മാനം മൂന്നു പ്രതിഭകൾക്ക്

NOBEL
വൈദ്യശാസ്ത്ര നൊബേൽ സമ്മാനം മൂന്നു പ്രതിഭകൾക്ക്. മനുഷ്യശരീരത്തിൽ ഉരുളൻവിരകൾ (റൗണ്ട് വേം) ഉണ്ടാക്കുന്ന രോഗങ്ങൾക്കെതിരെ ഫലപ്രദമായ പുതിയ മരുന്നു കണ്ടുപിടിച്ചതിനാണ് ഐറിഷുകാരനായ വില്യം സി. കാംപ്‌ബെൽ, ജപ്പാൻകാരനായ സതോഷി ഒമൂറ എന്നിവർ നൊബേൽ പങ്കിട്ടത്.

മലമ്പനിക്കെതിരെ നവീന ചികിൽസാരീതി വികസിപ്പിച്ചതിനാണു ചൈനക്കാരി യുയൂ തുവിനു പുരസ്കാരം ലഭിച്ചത്. നൊബേൽ സമ്മാനം നേടുന്ന പതിമൂന്നാമത്തെ വനിതയാണ് യുയൂ തു. എൺപതു ലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 6.27 കോടി രൂപ) ആണു ലഭിക്കുന്ന സമ്മാനം. പകുതിത്തുക കാംപ്ബെല്ലും ഒമൂറയും പങ്കിടും. മറ്റേപ്പകുതി യുയൂ തുവിനു ലഭിക്കും. മലമ്പനി നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങൾ ഇനിയും പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല. പഴയ മരുന്നുകൾക്കു ശക്തി നഷ്ടമായ സാഹചര്യത്തിലാണു പ്രഫ. യൂയൂ ഇതിനായി പരമ്പരാഗത ഔഷധസസ്യങ്ങൾ ഉപയോഗിച്ചു പുതിയ മരുന്നു വികസിപ്പിച്ചത്.

ആഫ്രിക്കയിൽ മാത്രം പ്രതിവർഷം ഒരു ലക്ഷത്തോളം പേരാണ് ഈ മരുന്നുപയോഗിച്ചു രക്ഷപ്പെടുന്നത്. ഉരുളൻവിര അണുബാധ അന്ധതയ്ക്കും ത്വഗ്രോഗത്തിനും കടുത്ത സന്ധിവേദനയ്ക്കും കാരണമാകുന്നു. വില്യം സി. കാംപ്‌ബെലും സതോഷി ഒമൂറയും ഇതിനു പുതിയ മരുന്നു കണ്ടെത്തി. മൈക്രോബയോളജിസ്റ്റായ സതോഷി മണ്ണിൽനിന്നു ശേഖരിച്ച സൂക്ഷ്മജീവികളെ വിരകളെ ചെറുക്കാനായി ഉപയോഗിക്കാമെന്നു കണ്ടെത്തി. പാരസൈറ്റ് ബയോളജിസ്റ്റായ കാംപ്‌ബെൽ ഇതു മരുന്നായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഈ മരുന്നുകൊണ്ടു വിരബാധ പൂർണമായും ചെറുക്കാനായി. ലോകമെമ്പാടും രോഗബാധിതരായ ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ് ഈ കണ്ടുപിടിത്തങ്ങളെന്നു നൊബേൽ സമ്മാന സമിതി അഭിപ്രായപ്പെട്ടു.

കൊതുകുകൾ പരത്തുന്ന മലമ്പനി ബാധിച്ചു പ്രതിവർഷം ലോകമെങ്ങും നാലരലക്ഷത്തോളം പേരാണു മരിക്കുന്നത്. കോടിക്കണക്കിനാളുകൾ രോഗഭീഷണിയിലും. ഉരുളൻ വിരകൾ മൂലം രോഗബാധിതരാകുന്നവർ ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരും. ഊർജതന്ത്ര നൊബേൽ ഇന്നു പ്രഖ്യാപിക്കും. നാളെ രസതന്ത്രം. വ്യാഴാഴ്ച സാഹിത്യത്തിനും വെള്ളിയാഴ്ച സമാധാനത്തിനുമുള്ള സമ്മാനങ്ങൾ.