ബ്ലാസ്‌റ്റേഴ്‌സ് ജയത്തോടെ തുടങ്ങി

rafi
കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മിന്നുന്ന തുടക്കം. ഐ.എസ്.എല്‍ രണ്ടാം സീസണിലെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തുകൊണ്ടാണ് മഞ്ഞപ്പടയുടെ തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയം.

49-ാം മിനിറ്റില്‍ സ്പാനിഷ് താരം ഹൊസ്സുവാണ് ഒരു കിടിലന്‍ ഇടങ്കാലന്‍ ഷോട്ടിലൂടെ സ്‌കോറിങ്ങിന് തുടക്കം കുറിച്ചത്. 68-ാം മിനിറ്റില്‍ കണിശമായൊരു ഹെഡ്ഡറിലൂടെ മലയാളിതാരം മുഹമ്മദ് റാഫി ലീഡുയര്‍ത്തി. 72-ാം മിനിറ്റില്‍ ഓഫ് സൈഡ് കെണിയില്‍ നിന്ന് രക്ഷപ്പെട്ട ഇംഗ്ലീഷ് താരം സാഞ്ചസ് വാട്ട് ഗോളി രഹനേഷിനെ കബളിപ്പിച്ച് ലീഡ് മൂന്നാക്കി. 82-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ നിക്കോളസ് വെലെസാണ് വൈകി ഉണര്‍ന്ന നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍ നേടിയത്.

ഗോളൊഴിഞ്ഞ ആദ്യപകുതിക്ക്‌ ശേഷം രണ്ടാം പകുതിയിലായിരുന്നു മല്‍സരത്തിലെ നാലു ഗോളുകളും.സ്‌റ്റേഡിയത്തിലേക്കൊഴുകിയെത്തിയ അറുപതിനായിരത്തിലധികം വരുന്ന കാണികളുടെ അകമഴിഞ്ഞ പിന്തുണയും ബ്ലാസ്റ്റേഴ്‌സ് വിജയത്തിന്റെ മാറ്റുകൂട്ടി.