ബോണസ് പരിധി ഉയര്‍ത്തുന്നു

CCVVC
തൊഴിലാളികളുടെ ബോണസ് ഉയര്‍ത്താനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്നു. 1965-ലെ ബോണസ് നിയമം ഭേദഗതിചെയ്ത് വിജ്ഞാപനം പുറപ്പെടുവിക്കാനാണ് ആലോചന. ഇതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയതായാണ് അറിയുന്നത്. ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം തിരഞ്ഞെടുപ്പുകമ്മിഷനെ സമീപിച്ചത്. ദീപാവലിക്കുമുമ്പ് ബോണസ് നല്‍കണമെന്നു കാണിച്ചാവും വിജ്ഞാപനം പുറപ്പെടുവിക്കുക. കേരളമൊഴികെ മറ്റെല്ലായിടങ്ങളിലും ദീപാവലിവേളയിലാണ് തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നത്.

ബോണസിനുള്ള ശമ്പളപരിധി 10,000 രൂപയില്‍നിന്ന് 21,000 രൂപയും ബോണസ് കണക്കാക്കുന്നതിനുള്ള ശമ്പളപരിധി 3500 രൂപയില്‍നിന്ന് 10,000 രൂപയും ആക്കാനാണ് തീരുമാനം. 1965 -ലെ നിയമത്തിലെ 2(13), 12 എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്താണ് വിജ്ഞാപനം പുറപ്പെടുവിക്കുക. നവംബറില്‍ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് നിയമമാക്കും.സപ്തംബര്‍ രണ്ടിന്റെ തൊഴിലാളിപണിമുടക്കിന് രണ്ടുദിവസംമുമ്പ് നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉറപ്പുനല്‍കിയിരുന്നു. അതിനു തുടര്‍ച്ചയായിട്ടാണ് നടപടി. എന്നാല്‍ ബി.എം.എസ് ഒഴികെ എല്ലാ തൊഴിലാളിയൂണിയനുകളും സര്‍ക്കാറിന്റെ ഉറപ്പ് തള്ളുകയാണ് ചെയ്തത്. ബോണസ് പരിധി പാടേ എടുത്തുകളയണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം. പക്ഷേ സര്‍ക്കാര്‍ അതംഗീകരിച്ചില്ല.

ബോണസ് നിയമപ്രകാരം, സ്ഥാപനം നഷ്ടത്തിലാണെങ്കില്‍പ്പോലും ചുരുങ്ങിയത് 8.33 ശതമാനം ബോണസ് നല്‍കണം. ബോണസ് 20 ശതമാനംവരെ നല്‍കാം. അടിസ്ഥാനശമ്പളവും അലവന്‍സുമാണ് ബോണസിന് കണക്കാക്കുക. നിലവില്‍ ഇവ രണ്ടുംചേര്‍ത്ത് 10,000 രൂപവരെയുള്ള എല്ലാവര്‍ക്കും ബോണസ് നല്‍കണമെന്നാണ് വ്യവസ്ഥ. സ്ഥാപനത്തിന്റെ വാര്‍ഷികകണക്ക് തയ്യാറാക്കി എട്ടുമാസത്തിനുള്ളില്‍ ബോണസ് കൊടുത്തിരിക്കണം.ബോണസ് നിയമം ഭേദഗതിചെയ്യാന്‍ 2010-ല്‍ ഭേദഗതിബില്‍ തയ്യാറാക്കിയിരുന്നെങ്കിലും അത് പാര്‍ലമെന്റില്‍ പാസാക്കാന്‍ സാധിച്ചില്ല. ചുരുങ്ങിയ ബോണസ് 11 ശതമാനം ആക്കണമെന്ന് അന്നത്തെ ബില്ലില്‍ നിര്‍ദേശിച്ചിരുന്നു.