ഡി.ജി.പി ജേക്കബ് തോമസിനെ വീണ്ടും തരംതാഴ്ത്തിയതായി ആരോപണം.

dgp jacob punnoose
അഗ്നിശമന സേനാ മേധാവി സ്ഥാനത്ത് നിന്ന് പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ ബോര്‍ഡിലേക്ക് മാറ്റിയ ഡി.ജി.പി ജേക്കബ് തോമസിനെ വീണ്ടും തരംതാഴ്ത്തിയതായി ആരോപണം.കെട്ടിട നിര്‍മാണത്തില്‍ അഗ്‌നിശമന സേന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന ജേക്കബ് തോമസിന്റെ നിലപാടും ദുരന്തനിവാര പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്‌നിശമന സേനാംഗങ്ങളെ ഉപയോഗിക്കാനാവില്ലെന്ന അദ്ദേഹത്തിന്റെ സര്‍ക്കുലറുമാണ് അഗ്‌നിശമന സേനയില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ കാരണം. ധനമന്ത്രി കെ എം മാണി ഉള്‍പ്പെട്ട ബാര്‍കോഴ കേസ് അന്വേഷിച്ച വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു ജേക്കബ് തോമസ്. എ.ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിനെ അന്വേഷണത്തിനിടെ സ്ഥാനക്കയറ്റം നല്‍കി അഗ്‌നിശമന സേന ഡി.ജി.പിയാക്കുകയായിരുന്നു.എ.ഡി.ജി.പി റാങ്കിലുള്ള ആള്‍ മേധാവിയായിരുന്ന സ്ഥാനത്ത് ഡി.ജി.പി റാങ്കിലുള്ള ജേക്കബ് തോമസിനെ നിയമിച്ചത് അന്ന് തന്നെ വിവാദമായിരുന്നു.

മുമ്പ് പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ ബോര്‍ഡിന്റെ എം.ഡിയും ചെയര്‍മാനുമായിരുന്ന എ.ഡി.ജി.പി അനില്‍ കാന്തിന് പകരം നിയമനം ലഭിച്ച ജേക്കബ് തോമസിന് എം.ഡി സ്ഥാനം മാത്രമാണ് നല്‍കിയിരിക്കുന്നത്. മുമ്പ് എ.ഡി.ജി.പി റാങ്കിലുള്ള ഒരാള്‍ക്ക് രണ്ട് പദവികളും നല്‍കിയപ്പോള്‍ ഡി.ജി.പിയായ ജേക്കബ് തോമസിനെ സര്‍ക്കാര്‍ വീണ്ടും തരംതാഴ്ത്തുകയാണെന്നാണ് ആക്ഷേപം. അതേസമയം ഇതിനെക്കുറിച്ച് പ്രതികരിക്കാതെ ജേക്കബ് തോമസ് ഇന്ന് സ്ഥാനമേറ്റു. എന്നാല്‍ ഇതേക്കുറിച്ച് വാര്‍ത്ത പുറത്ത് വന്ന ശേഷം ഉത്തരവില്‍ തെറ്റുപറ്റിയതാണെന്നും ജേക്കബ് തോമസിന് പൂര്‍ണ്ണ ചുമതല നല്‍കി പുതിയ ഉത്തരവ് ഇറക്കുമെന്നും ആഭ്യന്തര മന്ത്രി് അറിയിച്ചു

അഗ്‌നിശമനസേനാ മേധാവിയായിരിക്കെ ജനങ്ങളുടെ സുരക്ഷ കരുതി മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അനാവശ്യ സര്‍ക്കുലറുകളൊന്നും ഇറക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ് ളാറ്റുകള്‍ക്ക് മാത്രമല്ല ഷോപ്പിംഗ് കോപ്ലക്‌സുകള്‍, സ്‌കൂളുകള്‍, ആസ്പത്രികള്‍ എന്നിവയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഒരുക്കേണ്ടത് തന്റെ ചുമതലയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.