അപകടവിവരം അറിയിക്കാന്‍ സംവിധാനം

DUBAI
റോഡപകടങ്ങള്‍ നടന്നാല്‍ തത്സമയം സ്മാര്‍ട് ഫോണുകളില്‍ വിവരമെത്തിക്കാന്‍ സംവിധാനം. ദുബായ് പോലീസിന്റെ സ്മാര്‍ട് ആപ്ലിക്കേഷനില്‍ പുതുതായി ഉള്‍പ്പെടുത്തിയ സംവിധാനം ജൈറ്റക്‌സ് മേളയില്‍ പ്രദര്‍ശിപ്പിച്ചു. അപകടം നടന്ന റോഡുകള്‍ക്ക് പകരം യാത്രയ്ക്കായി മറ്റു റോഡുകള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നെന്നതാണ് സവിശേഷത. അപകടം നടന്നയിടങ്ങളില്‍ വാഹനങ്ങള്‍ തിങ്ങിക്കൂടി വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത് തടയാനും ഇതുവഴി സാധിക്കും.

ആപ്ലിക്കേഷന്‍ മൂന്ന് തരത്തിലുള്ള അറിയിപ്പുകള്‍ വാഹനയുടമകള്‍ക്ക് ലഭ്യമാക്കും. നിലവില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന റോഡില്‍ അപകടമുണ്ടായാല്‍ അറിയിക്കുന്നതാണ് ഇവയിലൊന്ന്. നൂറ്് കിലോമീറ്റര്‍ ചുറ്റളവില്‍ എവിടെ അപകടമുണ്ടായാലും അറിയിക്കുന്നതാണ് മറ്റൊന്ന്. എത്ര ദൂരപരിധിക്കുള്ളിലുള്ള അപകടങ്ങള്‍ അറിയിക്കണമെന്നത് ഓരോരുത്തര്‍ക്കും നിശ്ചയിക്കാം. തൊട്ടടുത്ത എക്‌സിറ്റുകളില്‍ എവിടെയെങ്കിലും അപകടമുണ്ടായാല്‍ അറിയിക്കുന്നതാണ് മൂന്നാം സംവിധാനം.