അട്ടപ്പാടിയില്‍ വീണ്ടും മാവോവാദി ആക്രമണം

attappadi
അട്ടപ്പാടിയില്‍ വീണ്ടും മാവോവാദി ആക്രമണം. ആനവായ് ഊരിനും തുടുക്കി ഊരിനും സമീപമുള്ള ക്യാമ്പ് ഷെഡ്ഡുകള്‍ തീയിട്ടുനശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി 12നുശേഷമാണ് സംഭവമെന്ന് കരുതുന്നു.വനംവകുപ്പിന്റെ ബോര്‍ഡില്‍ സര്‍ക്കാര്‍വിരുദ്ധ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. പോലീസിനെയും വനംവകുപ്പിനെയും സഹായിക്കുന്ന ഏജന്റുമാര്‍ ശിക്ഷിക്കപ്പെടുമെന്ന മുന്നറിയിപ്പുകളും പതിച്ചിട്ടുണ്ട്.

തുടുക്കിയിലെ ക്യാമ്പ് ഹൗസ് പൂര്‍ണമായി കത്തിനശിച്ചു. ആനവായ് ക്യാമ്പ് ഷെഡ്ഡിലെ രണ്ട് കിടക്കകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും കത്തിനശിച്ചു. രണ്ട് ക്യാമ്പ് ഷെഡ്ഡുകളിലെയും സോളാര്‍ പാനലുകള്‍, ബാറ്ററി, ആന്റിന, വയര്‍ലെസ് സെറ്റ്, ടോര്‍ച്ചുകള്‍, പാത്രങ്ങള്‍, അരി തുടങ്ങിയവ മാവോവാദികള്‍ കടത്തിക്കൊണ്ടുപോയി.

രണ്ടിടത്തുമായി ആറ് വാച്ചര്‍മാരാണ് ഉണ്ടായിരുന്നത്. ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് മാവോവാദികളെത്തിയതെന്ന് പറയുന്നു. ക്യാമ്പ് ഹൗസുകള്‍ തങ്ങളാണ് തകര്‍ത്തതെന്ന് പത്രക്കുറിപ്പും ഇവിടെനിന്ന് പോലീസിന് ലഭിച്ചു. സി.പി.ഐ. മാവോയിസ്റ്റ് വക്താവ് ജോഗിയുടെ പേരിലാണ് പത്രക്കുറിപ്പ്. ഭവാനി റെയ്ഞ്ചിന്റെ പരിധിയിലാണ് കത്തിച്ച കെട്ടിടങ്ങള്‍. വനംവകുപ്പിനെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞമാസം മാവോവാദികളും പോലീസും തമ്മില്‍ വെടിവെപ്പുനടന്ന കടുകുമണ്ണയ്ക്കടുത്താണ് ക്യാമ്പ്‌ഷെഡ്ഡുകള്‍ കത്തിച്ചത്. അഗളി പോലീസ് സ്ഥലത്തെത്തി. വനംവകുപ്പും പോലീസും സായുധസേനയും പരിസരത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.