കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‌ വെട്ടേറ്റു

K
തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകന് വെട്ടേറ്റു.കണ്ണൂരിലെ കോട്ടയം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച മൗവ്വേരി ബീന നിവാസില്‍ സന്തോഷിനാണ് (35) വെട്ടേറ്റത്.

ഇന്ന് രാവിലെ ഏഴ് മണിക്ക് റോഡിലൂടെ നടന്നു പോകുമ്പോള്‍ മൗവ്വേരിയില്‍ വച്ച് ഒരു സംഘം അടിച്ചുവീഴ്ത്തി വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷമായി സി.പി.എം. പ്രതിപക്ഷമില്ലാതെ ഭരിച്ച കോട്ടയം ഗ്രാമപഞ്ചായത്തില്‍ ഇതാദ്യമായി ഒരു ബി.ജെ.പി. അംഗം വിജയിച്ചിരുന്നു. കാനാത്തുംചിറ വാര്‍ഡില്‍ നിന്ന് ബി.ജെ.പിയുടെ പി.കെ.രാജേന്ദ്രന്‍ മൂന്ന് വോട്ടിനാണ് വിജയിച്ചത്. കിനാവാക്കല്‍ വാര്‍ഡില്‍ മത്സരിച്ച സന്തോഷിന് 10 വോട്ടായിരുന്നു കിട്ടിയത്.