ശ്രീ പുലിയൂർ രവീന്ദ്രൻ അനുസ്മരണം – മറഞ്ഞുപോയ മഹാപ്രതിഭ

ശ്രീ പുലിയൂർ രവീന്ദ്രൻ അനുസ്മരണം – മറഞ്ഞുപോയ മഹാപ്രതിഭ

Puliyoor Raveendranലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന പുലിയൂർ എന്ന സ്ഥലം പുരാതനമായ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ ഒന്നായ തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്താൽ പ്രസിദ്ധമാണ്. ഭാരതത്തിലെ തന്നെ പ്രധാനപ്പെട്ട 108 വൈഷ്ണവാരാധനാസങ്കേതമാണിത്. അതു പോലെതന്നെയാണ് ആ പ്രദേശത്തെ സാമൂഹിക, സാംസ്കാരിക, സാഹിത്യ, ശാസ്ത്രമേഖലകളിൽ പ്രസിദ്ധരായവരും.

മഹാകവി ഉള്ളൂരിന്റെ സാഹിത്യ ചരിത്രത്തിലും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും പരാമർശമായിട്ടുള്ള ജ്യോതിഷ – ജ്യോതിശാസ്ത്രകാരന്മാരുടെ ഇല്ലമായ വാഴമാവേലിമഠം പുലിയൂരിലാണ്. സുപ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനും ബൃഹത്സംഹിതയുടെ രത്നപ്രഭാഭാഷാവ്യാഖ്യാനമെഴുതിയ പണ്ഡിതനുമായ ശ്രീ.പുലിയൂർ പി.എസ്. പുരുഷോത്തമൻ നമ്പൂതിരിയും കവിയായ ശ്രീ പുലിയൂർ കൃഷ്ണന്‍കുട്ടിയും ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. അതിൽ അഗ്രഗണ്യമായ ഒരു വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം നമ്മേവിട്ടു പിരിഞ്ഞ ശ്രീ പുലിയൂർ രവീന്ദ്രൻ.
DSC_0550

1942 ൽ ശ്രീ രാമൻ വൈദ്യരുടേയും ശ്രീമതി നാണിയമ്മയുടേയും മകനായി ജനനം. ബാല്യകാലം തൊട്ടുമുതൽ കവിതാ രചനയിലും നാടക രചനയിലും കഴിവു തെളിയിച്ചു. ചെറുപ്പത്തിൽ പ്രൊഫഷണൽ നാടകരചനയിൽ പ്രസിദ്ധനായി. പുലാമന്തോൾ അടക്കം കേരളത്തിൽ പല വിദ്യാലയങ്ങളിലും അദ്ധ്യാപകനായി 34 വർഷം പ്രവർത്തിച്ചു. സ്വാതിതിരുനാൾ സംഗീതസഭ നടത്തിയ സംസ്ഥാനതല നാടക രചനാ മത്സരത്തിൽ ‘സമാസം’ എന്ന നാടകത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. 1961 ലാണ് ‘പുലിയൂർ നാടകവേദി’ ഇദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ രൂപം കൊള്ളുന്നത്. ആദ്യ നാടകം “പാലം” ആയിരുന്നു. ശ്രീ രവീന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ നാടകം വളരെയേറെ പ്രത്യേകത അവകാശപ്പെടാൻ കഴിയുന്ന ഒന്നായിരുന്നു. ശ്രീ നെടുമുടി വേണു അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത് ഈ നാടകത്തിലൂടെയാണ്. ശ്രീ പുലിയൂർ കൃഷ്ണൻകുട്ടി എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയതും നെടുമുടി വേണു തന്നെ ആയിരുന്നു. അതുമാത്രമല്ല കുറ്റൂർ സോമൻ എന്ന ശ്രീ എം.ജി. സോമനും ഈ നാടകത്തിലൂടെയാണ് അഭിനയത്തിന് അരങ്ങേറ്റം കുറിച്ചത്. ഒപ്പം സിനിമ – സീരിയൽ നടൻ ശ്രീ കൈലാസ് നാഥും. ഈ സാമൂഹ്യസംഗീത നാടകം വളരെയേറെ പ്രശംസ പിടിച്ചുപറ്റി. തുടർന്ന് അനേകം നാടകങ്ങൾക്ക് രചനയും സംവിധാനവും നിർവ്വഹിച്ചു. “ഓണവില്ലും ഓടക്കുഴലും എഴുതിയ” എഴുതിയ ശ്രീ ശ്രീമന്ദിരം കെ.പി യെപ്പോലെ ചെങ്ങന്നൂരിന്റെ സാഹിത്യ-സാംസ്കാരിക നഭസ്സിൽ പതിറ്റാണ്ടുകൾ പുലിയൂർ രവീന്ദ്രൻ ജ്വലിച്ചു നിന്നു.

1996 ൽ ‘ഇരുമുടി’ എന്ന കവിതാസമാഹാരം മലയാള സാഹിത്യമണ്ഡലം ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ അവാർഡിന് അർഹമായി. ആ സമയം അദ്ദേഹം പുലാമന്തോൾ ഗവ. ഹൈസ്കൂൾ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. 1997 ൽ അദ്ധ്യാപകരുടെ ഏറ്റവും മികച്ച സാഹിത്യ കൃതിക്കുള്ള ജോസഫ് മുണ്ടശ്ശേരി പുരസ്കാരവും ‘ഇരുമുടി’ എന്ന ഈ കവിതാസമാഹാരം നേടി. 2010 ൽ തടിയൂർ ദക്ഷിണ സാംസ്കാരിക വേദിയുടെ മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്കാരത്തിന് അദ്ദേഹത്തിന്റെ ‘താംബൂലം’ എന്ന കവിതാ സമാഹാരം അർഹമായി. അതേ വർഷം തന്നെ മൂലൂർ അവാർഡും ഈ കൃതിക്ക് ലഭിച്ചു. കൂടാതെ മറ്റ് അനേകം പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.

എഴുത്തിന്റെ വഴികളിലെ വേറിട്ട അനുഭവമായിരുന്നു ശ്രീ പുലിയൂർ രവീന്ദ്രന്റെ സൃഷ്ടികൾ. താംബൂലത്തിന്റെ അവതാരികയിൽ ശ്രീ അക്കിത്തം അഭിപ്രായപ്പെട്ടതു പോലെ ‘കവിതയിലെ ധന്യാത്മകങ്ങളായ ബിംബങ്ങൾ സഹൃദയ ഹൃദയങ്ങളിൽ മായാതെ നിലനിൽക്കും’ എന്നത് ആ കൃതിയിലൂടെ കടന്നു പോകുമ്പോൾ നമുക്ക് അനുഭവവേദ്യമാകുന്നതാണ്.

“എങ്ങോട്ടു പോകുന്നു?
പറയുവാനാവില്ല…
നാവില്ല…
സ്വന്തമെന്നൊന്നില്ല…!
അങ്ങനെ….
കൂടെ നടക്കുന്നു സാധുവാമെൻ നിഴൽ
എങ്കിലും….
ഏതോ നിറഞ്ഞ രഹസ്യമതിന്റെ
ഉൾക്കടലിന്നഗാധതയിലുണ്ടാകണം
അതാണിത്രമേൽ ശാന്തത
മൗനവാചാലത..!!” എന്ന് ചിന്താസരണിയിലിട്ട് അരണികടഞ്ഞ് അഗ്നിയായി എരിച്ച് നാടകാന്തത്തെ നരത്വമായി മാറ്റി മിഥ്യയുടെ തലയോട്ടികളെ പിളർന്നുകൊണ്ട് പായുന്ന ഭാവനയുടെ ലോകത്തിന് കിട്ടേണ്ട പ്രചാരം എന്തുകൊണ്ടോ കിട്ടാതെ പോയി എന്ന് എനിക്ക് തോന്നുന്നു.

‘പശിമയുള്ള മണ്ണുകൊണ്ട് കൈവിരൽപ്പാടുകൾ പോലും അവിടവിടെ അവശേഷിപ്പിച്ചുകൊണ്ട് നല്ല ബിംബങ്ങൾ സൃഷ്ടിച്ചുവയ്ക്കുന്ന അഴകും കരുത്തുമുള്ള നാടൻ ശിൽപ്പങ്ങൾ” പോലെയാണ് ധ്വനിയുടെ വഴിയിലൂടെ പ്രയാണം ചെയ്യുന്ന രവീന്ദ്രന്റെ കൃതികളെന്നാണ് ശ്രീ ഓ. എൻ. വി. കുറുപ്പ് അഭിപ്രായപ്പെട്ടത്.

“ചങ്കു ചെത്താം നമുക്കു പരസ്പരം
സങ്കടക്കൂമ്പു ചെത്തിക്കുടിക്കാം
അന്തിയാകുന്നു കൂട്ടുകാരേ.. നാം
കൊണ്ടുവന്നതീ മോഹാന്ധകാരം
ബന്ധമോരോന്നുമന്ധമാകേ, നാം
കൊണ്ടുപോവതീ മായാന്ധകാരം…” എന്ന് ‘മടങ്ങും മുൻപ്’ എന്ന കവിതയിൽ ശ്രീ പുലിയൂർ എഴുതുമ്പോൾ എന്തുറപ്പാണ് വേരിനും പേരിനും എന്ന് നാം കവിക്കൊപ്പം ആശങ്കപ്പെടുന്നു.

പ്രൊ. എരുമേലി പരമേശ്വരൻ പിള്ളയുടെ അഭിപ്രായത്തിൽ ‘മനസ്സുപൊള്ളിക്കുന്ന കവിതകൾ’ ആയിരുന്നു പുലിയൂരിന്റേത്.

“പ്രിയേ! തവ മുഖം
തെളിഞ്ഞ തീപ്പന്തം
നിറമുലകളിൽ തിളച്ചതീത്തൈലം
തലമുറകളെ പൊരിച്ചു തിന്നുവാ-
നിതിൽപ്പരമൊരു രസമസുലഭം” എന്ന് കാച്ചിക്കുറുക്കി അർത്ഥങ്ങളുടെ വിവിധ തലങ്ങളിലൂടെ കവി സംവദിക്കുമ്പോൾ പ്രകൃതിയേയും ജൈവഘടകങ്ങളേയും ഉന്മൂലനം ചെയ്യുന്ന തീ തീനികളായ മനുഷ്യന്റെ കാടത്തത്തിലേക്ക് വിരൽ ചൂണ്ടപ്പെടുന്നു.

ഇനിയും നിരീക്ഷണ വിഷയമായിട്ടില്ലാത്ത സുസൂക്ഷ്മഗ്രന്ഥികൾ മുതൽ മനസ്സിന്റെ ഉപബോധതലത്തിലും അബോധതലത്തിലും ൻഇലീനമായിരിക്കുന്ന സംസ്കാരവിശേഷങ്ങൾ ഉൾക്കൊള്ളുന്ന കാവ്യബിംബങ്ങളാണ് പുലിയൂർ രവീന്ദ്രന്റെ കവിതയെന്ന് സാക്ഷ്യപ്പെടുത്തുന്നത് മറ്റാരുമല്ല, ശ്രീ തിരുനെല്ലൂർ കരുണാകരനാണ്.

“ഒരു പൊട്ടനുണ്ടെന്റെ കൂടെ…
ഉടുപ്പിൽ..
നടപ്പിൽ..
അടുപ്പിൽ…
കൊടുപ്പിൽ…
ഒളിഞ്ഞും തെളിഞ്ഞും
കുനിഞ്ഞും ഞെളിഞ്ഞും
ഒരു പൊട്ടനുണ്ടെന്റെ കൂടെ…!” എന്ന പൊട്ടൻ പാട്ടെന്ന കവിതയിൽ മനസ്സിന്റെ ആരും കാണാത്ത തലങ്ങളിലേക്കുള്ള ഒരു തീർത്ഥാടനം കൂടിയാകുന്നു.

തീരുന്നില്ലാ…

“കവിയുടെ കരളുണ്ട്
കള്ളന്റെ കണ്ണുണ്ട്
ഭ്രാന്തന്റെ ചിരിയുണ്ട്
കാഷായമൊരുപാതി
മറുപാതി മണവാള വേഷം” എന്ന് സ്വാവബോധ സൃഷ്ടിയുടെയും ഏറ്റുപറച്ചിലിന്റേയും സത്യസന്ധമായ വെളിപ്പെടുത്തലുകളുടെ രചനാ സൗകുമാര്യം അതിമനോഹരമാണ്…
DSC_0556

നശ്വരതയുടെ സ്വഭാവത്തിലേക്ക് വിരൽ ചൂണ്ടുകയും അത് ദർശിക്കുമ്പോൾ അറിവൊക്കെ അറിവുകേടാണ് എന്ന് അറിയുകയും ചെയ്യുന്ന ജിജ്ഞാസമായ മനസ്സാണ് രവീന്ദ്രന്റെ കവിത എന്ന് അഭിപ്രായപ്പെടുന്നു പ്രൊ. ശ്രീ എം. കെ. സാനു. മലയാള കവിതയിലെ നഷ്ടവസന്തത്തെ വീണ്ടും വിളിച്ചുണർത്തുന്നവയാണ് പുലിയൂർ രവീന്ദ്രന്റെ കവിതകൾ എന്ന് ഡോ. കെ. രാഘവൻ പിള്ള അഭിപ്രായപ്പെടുന്നു. കാലഘട്ടത്തിന്റെ അവസ്ഥകൾ രേഖപ്പെടുത്തുന്ന മാപിനിയാണ് പുലിയൂർ രവീന്ദ്രന്റെ കവിതകൾ എന്ന് ഡോ. എം. എൻ. കാരശ്ശേരി അഭിപ്രായപ്പെടുന്നു. മനുഷ്യന്റെ അവസ്ഥയിൽ കൂടിയുള്ള പ്രയാണമാണ് അതെന്നും അദ്ദേഹം പറയുന്നു.

“വിറകില്ല കരിയിലയില്ല, കൊടും
വനങ്ങൾ കാക്കുവോരിവർക്കിവരുടെ
മനസ്സിലും പുക ചുവയ്ക്കുന്നു, മൗനം
വലിച്ചുകീറിനാം ചിറി തുടയ്ക്കുന്നു…
ഇവിടെ എന്തുള്ളൂ?! വിളഞ്ഞ ദുഃഖവും
തെളിഞ്ഞ കണ്ണീരും കുറച്ചു മോഹത്തിൻ
പഴമൊഴികളും…..!!!” എന്നെഴുതുമ്പോൾ ‘അടുക്കളയുടെ നിശ്ശബ്ദതയിൽ നിന്ന് പ്രതീക്ഷയുടെ കാഹളമുയർത്തുന്ന രചനാശൈലി’ എന്നാണ് പ്രൊ. കെ. മോഹൻ അദ്ദേഹത്തിന്റെ കവിതയെക്കുറിച്ച് നിരീക്ഷണം നടത്തിയത്.

“വേദാന്തമെന്തെന്നറിഞ്ഞോ നീ..?
വേദനയെന്തെന്നറിഞ്ഞേ ഞാൻ..!
കാശി – എവിടെന്നറിഞ്ഞോ നീ
കീശയിലല്ലെന്നറിഞ്ഞേ ഞാൻ…!
അറിവില്ലാതറിയുമോ ദൈവത്തെ?
അറിവോ അറിവുകേടോ ദൈവം?! എന്ന് കവിയും വായനക്കാരനും തമ്മിലുള്ള സംവാദമായി പൊരുളിലേക്ക് നയിക്കുന്ന പൂർണ്ണത നിറഞ്ഞ കവിതയാണ് ശ്രീ രവീന്ദ്രന്റേതെന്ന് പറയുന്നു പ്രൊ. കെ. പി. ശങ്കരൻ
രവീന്ദ്രന്റെ കവിതകൾക്ക് ആമുഖമെഴുതാനുള്ള ജ്ഞാനം തനിക്കില്ലെന്നും സ്ഥിതപ്രജ്ഞരും ജ്ഞാനവൃദ്ധരുമായ സത്തുക്കളുടെ വേദിയിലേക്ക് കടക്കാൻ തനിക്കെന്തുണ്ട് എന്നും അഭിപ്രായപ്പെടുന്നു ശ്രീ നെടുമുടി വേണു. രവീന്ദ്രനിൽ നമ്പ്യാരുടെ ഒരു പരോക്ഷ കടാക്ഷമുണ്ടെന്നും പരിഹാസ ശരങ്ങളുടെ മൂർച്ച അദ്ദേഹത്തിന്റെ നാടകത്തിൽ അഭിനയിച്ചു തന്നെ താൻ അറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം..

“തുമ്മാൻ തെല്ലും ഭയം വേണ്ടാ
മൂക്കെന്നതു നമുക്കില്ലെങ്കിൽ
പാടാനൊട്ടും മടിവേണ്ടാ
നാവെന്നത് നമുക്കില്ലെങ്കിൽ
മൂക്കിപ്പനിയല്ല സംഗീതം
മൂക്കിപ്പൊടിയല്ല സാഹിത്യം..!!! എന്നതും കൂടി എടുത്തു പറയുന്നു…

അങ്ങനെ മലയാള സാഹിത്യ സംസ്കാരിക നായകന്മാർ മികച്ചതെന്ന് അഭിപ്രായപ്പെട്ട സൃഷ്ടികളുടെ സ്രഷ്ടാവായിരുന്നു ശ്രീ പുലിയൂർ രവീന്ദ്രൻ. രോഗത്തിന്റെ കാഠിന്യത്തിൽ പോലും സാഹിത്യ ചർച്ചകളിൽ മുഴുകുമായിരുന്നു രവീന്ദ്രൻ സാർ. 3 മാസങ്ങൾക്ക് മുൻപാണ് അവസാനമായി കാണുന്നത്. അദ്ദേഹത്തിന്റെ വീട്ടിൽ വച്ചുനടന്ന ഒരു ആദരിക്കൽ ചടങ്ങിൽ വച്ച്. തൊട്ടടുത്ത മാസം അദ്ദേഹത്തിന്റെ നാടകം, കഥ, കവിത എന്നീ മൂന്നു വിഭാഗങ്ങളെക്കുറിച്ച് ഒരു സായാഹ്ന ചർച്ച നടത്താമെന്ന് ചെങ്ങന്നൂരിലെ സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയിൽ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം മൂലം അത് നടന്നില്ല. ഇനിയൊരിക്കലും അത്തരം ഒരു വേദി അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ ഉണ്ടാകില്ലല്ലോ എന്ന ദുഃഖം അദ്ദേഹത്തിന്റെ നിർജ്ജീവമായ ശരീരം കണ്ടപ്പൊൾ മുതൽ മനസ്സിനെ മഥിക്കുന്നു. എങ്കിലും ആ ആത്മാവ് അനേകം കാവ്യശിൽപ്പങ്ങൾ വരും തലമുറയ്ക്കായി ഗുണപാഠങ്ങളാക്കിയിട്ടാണ് മറഞ്ഞതെന്ന ചാരിതാർത്ഥ്യവും അഭിമാനവും മനസ്സിൽ അദ്ദേഹത്തിന്റെ മക്കൾക്ക് ഉളവാകുന്നതുപോലെ കവിതയേയും സാഹിത്യത്തേയും സ്നേഹിക്കുന്ന ഒരാളെന്ന നിലയിൽ എനിക്കും അനുഭവിക്കാൻ കഴിയുന്നു… ആ പേന നിലച്ചെങ്കിലും അതു തീർത്ത അനുരണനങ്ങൾ മലയാള കാവ്യനഭസ്സിൽ കാലത്തിൽ നിന്നും കാലാതീതമായി പ്രയാണം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

ഗുന്തർഗ്രാസാണ് സാന്ദർഭികമായെന്നും പരീക്ഷണാത്മകമായെന്നും കവിതയെ തരംതിരിച്ചത്. ചിലത് പെട്ടെന്ന് മനസ്സിൽ നിന്നും വിരൽത്തുമ്പുകളിലേക്ക് വഴുതി വീഴുന്നു; മറ്റ് ചിലത് പരീക്ഷണ ശാലകളിൽ വച്ച് നിർമ്മിച്ച് ഗുണമേന്മ പരിശോധിച്ച് നിരീക്ഷിച്ച് പുറത്തിറക്കുന്നു. ശ്രീ പുലിയൂർ രവീന്ദ്രന്റെ കവിതകൾ സാന്ദർഭിക സൃഷ്ടികളുടെ കൂട്ടത്തിൽ വരും. അത് അനുഭവങ്ങളുടെ മൂശയിൽ രൂപപ്പെട്ട് വിരൽപ്പാടുകൾ ഒപ്പമുള്ള കവിത്വത്തിന്റെ സർഗ്ഗാത്മകതയാണ്. അത് എല്ലാവർക്കും അവകാശപ്പെടാൻ കഴിയില്ല. അവകാശപ്പെടാൻ കഴിയുന്ന, ഞാൻ നേരിട്ട് അറിയുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു രവീന്ദ്രൻ സാർ. അവസാനവട്ടം കണ്ടപ്പോൾ ‘സമയം പോലെ എപ്പോഴെങ്കിലും ഇങ്ങോട്ടു വരണം’ എന്ന് പറഞ്ഞയച്ചതാണ്. പക്ഷേ, വന്നപ്പോഴേക്കും പറഞ്ഞയാൾ പൊയ്ക്കഴിഞ്ഞിരുന്നു…………! എങ്കിലും അങ്ങേയ്ക്കൊപ്പം ഞാനും ഇതേറ്റു പാടുന്നു…

“അക്ഷരക്കുരുവികളേ! വരിക വരികെന്റെ
കരിയിലക്കൂനയിൽ കൂടുകൂട്ടാൻ
എൻ വികാരങ്ങൾക്കും കൂട്ടായിരിക്കുവാൻ
എൻ തുയിലുണർത്തുന്ന പാട്ടായിരിക്കുവാൻ
പാട്ടിൽ പൊലിക്കുന്ന പൊരുളായുണരുവാൻ
അക്ഷരക്കുരുവിക്കുരുന്നുകളേ… വരിക..!!!”

ആദരാഞ്ജലികളോടെ

ജി. നിശീകാന്ത്