ഷാരൂഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ചോദ്യം ചെയ്തു

srkകൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരി മൂല്യം കുറച്ചുകാണിച്ചെന്ന ആരോപണത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഷാരൂഖിനെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവെറ്റ് ലിമിറ്റഡിന്റെ അന്‍പത് ലക്ഷം ഷെയറുകളുടെ മൂല്യം കുറച്ചുകാണിച്ചുവെന്നാണ് ആരോപണം. ജയ് മേത്തയുടെ മൗറീഷ്യസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീ ഐലന്റ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡി എന്ന കമ്പനിക്ക് 2008ല്‍ വിറ്റ ഓഹരികളാണിത്. ഇത് വിദേശ നിക്ഷേപ നിയന്ത്രണ നിയമത്തിന്റെ വ്യവസ്ഥകളുടെ (ഫെമ) ലംഘനമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫെമ നിയമം ലംഘിച്ചതായി ആരോപണമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നതെന്നും ഇഡി അധികൃതര്‍ വ്യക്തമാക്കി.

വിദേശത്തു നിന്നും അനധികൃത പണം ലഭിച്ചുവെന്ന ആരോപണത്തില്‍ 2011ലും ഷാരൂഖിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഈവര്‍ഷം മെയില്‍ ടീം ഉടമകള്‍ക്ക് മൊഴി എടുക്കുന്നതിന് ഹാജരാകണമെന്ന് കാണിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഷാരൂഖ് ഹാജരായിരുന്നില്ല.ഐപിഎല്ലില്‍ കൊല്‍ക്കത്ത ടീമിന്റെ ഉടമകളായ ജൂഹീ ചാവ്‌ലയെയും ഭര്‍ത്താവ് ജെയ് മേത്തയെയും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വിളിച്ചുവരുത്തിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ബിജെപി നേതാക്കളില്‍ നിന്നും ഷാരൂഖിന് അതിക്ഷേപം നേരിടേണ്ടി വന്നിരുന്നു.