ബാബുവിന് ഒരു കോടി നേരിട്ട്‌ നല്‍കി; നുണപരിശോധനക്ക് വെല്ലുവിളിച്ച് ബിജു രമേശ്

biju ramesh
കെ.എം മാണി രാജിവച്ചതിന് പിന്നാലെ ബാര്‍ കോഴക്കേസിലെ പരാതിക്കാരനായ ബിജു രമേശ് എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ ആരോപണവുമായി രംഗത്ത്.

ബാബുവിന് രണ്ട് ഘട്ടമായി ഒരു കോടി രൂപ താന്‍ നേരിട്ട് നല്‍കിയെന്ന് ബിജു രമേശ് ആരോപിച്ചു. സെക്രട്ടേറിയറ്റില്‍ കൊണ്ടുപോയി നേരിട്ടാണ് പണം നല്‍കിയത്. ബാബുവിനെതിരെ താന്‍ നല്‍കിയ മൊഴി വിജിലന്‍സ് എഴുതിയെടുത്തില്ല. കൂടുതല്‍ തെളിവടുക്കാതിരിക്കാന്‍ വിന്‍സന്‍ എം. പോള്‍ നിര്‍ദേശം നല്‍കിയിരുന്നു. ബാബു നല്‍കിയ മാനനഷ്ടക്കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇതിനായി ബാബുവിന്റെ അടുത്തേക്ക് താന്‍ ദൂതനെ അയച്ചിട്ടുമില്ലെന്നും ബിജു രമേശ് വ്യക്തമാക്കി. ബാബുവിനെതിരെ ഈയാഴ്ച്ച തന്നെ കേസ് ഫയല്‍ ചെയ്യുമെന്നും ബിജു രമേശ് പറഞ്ഞു.ബാര്‍ ഉടമകള്‍ പിരിച്ചെടുത്ത 25 കോടിയില്‍ 23.5 കോടിയും നല്‍കിയത് ബാബുവിനും ബാബു പറഞ്ഞവര്‍ക്കുമാണെന്നും ബിജു രമേശ് പറഞ്ഞു. ബാബുവിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബാബുവിനെതിരെ താന്‍പറഞ്ഞ കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മാണിക്കെതിരെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാത്രം പറഞ്ഞാല്‍ മതിയെന്ന് മൊഴി നല്‍കാനെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞു.

ബാറുടമ പോളക്കുളം കൃഷ്ണദാസ് ബാബുചേട്ടനെ ഉപദ്രവിക്കരുതെന്ന് പറഞ്ഞ് സമീപിച്ചിരുന്നു. എന്നാല്‍ ബിജു രമേശിനെതിരെ താന്‍ നല്‍കിയ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ തന്റെ ഒരു സുഹൃത്ത് വഴി ബിജു രമേശ് പലതവണ ബന്ധപ്പെട്ടിരുന്നുവെന്ന് മന്ത്രി ബാബു പറഞ്ഞു. ബിജുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മാണിസാറിന്റെ കേസുവന്ന ദിവസം വൈകിട്ട് ഏഴിനുള്ളില്‍ കേസ് പിന്‍വലിച്ചില്ലെങ്കില്‍ താന്‍ വാ തുറക്കുമെന്ന് ബിജു ഭീഷണിപ്പെടുത്തിയെന്നും ബാബു പറഞ്ഞു.