ബ്രിട്ടനില്‍ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കി വിശാല്‍ ഗോസെയ്‌നും

modiത്രിദിന സന്ദര്‍ശനത്തിന് ബ്രിട്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വീകരിക്കുന്നതിന്റെ ആവേശത്തിലാണ് മറ്റേതൊരു ഇന്ത്യക്കാരനെയും പോലെ വിശാല്‍ ഗോസെയ്‌നും. എന്നാല്‍ മറ്റ് പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് വ്യത്യസ്തമായി പ്രധാനമന്ത്രിയുമായി ഏറ്റവും അടുത്ത് ഇടപെഴകാന്‍ സാധിക്കുമെന്നതിന്റെ സന്തോഷത്തിലാണ് വിശാല്‍. മെട്രോപൊളിറ്റന്‍ പോലീസില്‍ ഉദ്യോഗസ്ഥനായ വിശാലിന് മോഡിയുടെ സുരക്ഷാ ചുമതലയില്‍ നിര്‍ണ്ണായക പങ്കാണ് മേലുദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്നത്.
മോഡിയുടെ നാട്ടുകാരനായ വിശാലിന് ഗുജറാത്തി ഭാഷയില്‍ സംസാരിക്കാന്‍ കഴിയുമെന്നതിനാലാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ വിശാലിന് പ്രത്യേക പരിഗണന ലഭിച്ചത്. നാളെ വെംബ്ലി സ്‌റ്റേഡിയത്തില്‍ അറുപതിനായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന മോഡിക്ക് സുരക്ഷ ഒരുക്കി ഗുജറാത്തുകാരനായ വിശാലും ഒപ്പമുണ്ടാകും.
തന്റെ പുതിയ ദൗത്യം അത്യധികം സന്തോഷം പകരുന്നതാണെന്നും താന്‍ ഏറെ ആവേശത്തിലാണെന്നും വിശാല്‍ പറഞ്ഞു. ഇന്ന് ബ്രിട്ടനില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി കൂടിക്കാഴ്ച നടത്തും. എലിസബത്ത് രാജ്ഞിയുമായി അത്താഴ വിരുന്ന്, വ്യവസായികളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് ബ്രിട്ടനില്‍ മോഡിയുടെ മറ്റ് പരിപാടികള്‍.