ബോണസും ദിവസക്കൂലിയും കൂട്ടില്ലെന്ന് തോട്ടമുടമകള്‍

munnar strike
തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കാമെന്ന് സമ്മതിച്ചത് സര്‍ക്കാരിനെ തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ ആയിരുന്നുവെന്ന് തോട്ടം ഉടമകളുടെ സംഘടന.

കൂലി വര്‍ദ്ധിപ്പിക്കാനുള്ള സെറ്റില്‍മെന്റ് കാലാവധി മൂന്നുവര്‍ഷമാണ്, ഇത് നാലുവര്‍ഷമാക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കില്‍ സര്‍ക്കാരിന് അതിന്റേതായ രീതിയില്‍ മുന്നോട്ട് പോകാം. ഇക്കാര്യം തിങ്കളാഴ്ച പി.എല്‍.സി യോഗത്തില്‍ ആവശ്യപ്പെടുമെന്നുമാണ് തോട്ടം ഉടമകളുടെ നിലപാട്.എന്നാല്‍ തോട്ടം നടത്തിക്കൊണ്ടുപോകണം എന്നുള്ളവര്‍ ഒരു കാരണവശാലും ധാരണയില്‍ നിന്നും പിന്മാറാന്‍ അനുവദിക്കില്ലെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു . മുഖ്യമന്ത്രിയും ജനപ്രതിനിധികളും അടക്കമുള്ളവര്‍ ഉള്ള വേദിയില്‍ വെച്ചാണ് തീരുമാനമുണ്ടായത്. ഇക്കാര്യത്തില്‍ പരിശോധിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

ഉടമ്പടിയില്‍ നിന്നും പിന്മാറുന്ന തോട്ടമുടമകള്‍ക്ക് എതിരെയും, ഇവരുമായി കരാര്‍ ഉണ്ടാക്കിയ ഉമ്മന്‍ചാണ്ടിക്ക് എതിരെയും സിപിഐഎം ഉള്‍പ്പെടെ ഉള്ള ചില രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് എത്തിയിട്ടുണ്ട്. തോട്ടമുടമകളുടെ നിലപാട് വഞ്ചനാപരമാണെന്നും, ഇവരുടെ അഹങ്കാരം അവസാനിപ്പിക്കേണ്ടതാണെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.