18 ദിവസം: എയര്‍ ഏഷ്യ ഇന്ത്യക്ക് 26 കോടി നഷ്ടം

ഇന്ത്യന്‍ ആകാശത്ത് പുതുതായി പറന്നു തുടങ്ങിയ എയര്‍ ഏഷ്യ ഇന്ത്യ വിമാനക്കമ്പനിക്ക് ജൂണില്‍ അവസാനിച്ച പാദത്തില്‍ 26 കോടിയുടെ നഷ്ടം. സര്‍വീസ് തുടങ്ങിയ ജൂണില്‍ 18 ദിവസമാണ് എയര്‍ ഏഷ്യ ഇന്ത്യ പറന്നത്. ഇതാണ് നഷ്ടക്കണക്ക് ഇത്ര ഉയര്‍ന്നതാകാന്‍ കാരണമായി വിലയിരുത്തുന്നത്. കുറഞ്ഞ ചെലവിലുള്ള വിമാനയാത്ര വാഗ്ദാനം ചെയ്താണ് കമ്പനി ഇന്ത്യന്‍ സര്‍വീസ് തുടങ്ങിയത്. ഇക്കാലയളവില്‍ ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ് ജെറ്റ് കമ്പനികളും നഷ്ടത്തിലാണ്. യഥാക്രമം 217 കോടി രൂപ, 124 കോടി രൂപ എന്നിങ്ങനെയാണ് ഇവരുടെ നഷ്ടം.
മലേഷ്യയിലെ കുറഞ്ഞ ചെലവിലുള്ള വിമാനക്കമ്പനിയായ എയര്‍ ഏഷ്യയുടെയും ടാറ്റ ഗ്രൂപ്പ്, ടെലസ്ട്ര ട്രേഡ്‌പ്ലേസ് എന്നിവയുടെയും സംയുക്ത സംരംഭമാണ് എയര്‍ ഏഷ്യ ഇന്ത്യ. ജൂണ്‍ 12ന് ബാംഗ്ലൂര്‍-ഗോവ റൂട്ടിലായിരുന്നു ഇവരുടെ ആദ്യ പറക്കല്‍. ഇതിനിടെ പുതിയ വിമാനത്തിന്റെ വരവോടെ അുത്തമാസം ജയ്പൂര്‍, ചണ്ഡീഗഢ് റൂട്ടില്‍ പുതിയ സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ് കമ്പനി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. എയര്‍ബസ് എ320 വിമാനം ഉപയോഗിച്ചാണ് സര്‍വീസുകള്‍.
അഞ്ച് രൂപയുടെ ആകര്‍ഷകമായ നിരക്ക് പ്രഖ്യാപനവുമായി എയര്‍ ഏഷ്യ ഇന്ത്യ ശ്രദ്ധ നേടിയിരുന്നു. ഗോവ റൂട്ടിലായിരുന്നു ഇത്. എന്നാല്‍ ഇതേ റൂട്ടില്‍ തന്നെ ഒരുപടി കടന്ന് ഒരു രൂപയുടെ ഓഫറുമായി ഇന്‍ഡിഗോ എത്തി. എയര്‍ ഏഷ്യ ഇന്ത്യയുടെ റൂട്ടുകളില്‍ എതിരാളികള്‍ സര്‍വീസ് കൂട്ടുകയും ചെയ്തു. ഡിസംബറോടെ വരവും ചെലവും തുല്യമാകുന്ന അവസ്ഥയിലെത്താനാകുമെന്ന് എയര്‍ ഏഷ്യ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് മിട്ടു ചാണ്ഡില്യ പ്രതീക്ഷ പ്രകടിപ്പിച്ചു.