കറിവേപ്പിനുണ്ട് ഗുണവശങ്ങൾ

kariveppu
പോഷക സമൃദ്ധവും ഔഷധഗുണങ്ങൾ നിറഞ്ഞതുമായ ഈ ചെറുവൃക്ഷം ഭക്ഷ്യ വസ്തുക്കളിലെ വിഷാംശം ദൂരീകരിക്കാനും രുചി വർധിപ്പിക്കാനും ഉത്തമമാണ് .

ഔഷധയോഗ്യ ഭാഗങ്ങൾ ഇല, തോല്, വേര് എന്നിവയാണ് . അന്നജം,പ്രോടീൻ, ജീവകം എ, ജീവകം ബി 2, ജീവകം ബി 3, ജീവകം സി, കാൽഷ്യം, ഇരുമ്പ് എന്നിവ കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്നു . ജീവകം എ കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ നേത്ര രോഗങ്ങൾ ശമിപ്പിക്കാൻ ഉത്തമം ആണ് ഈ സസ്യം .

കരളിലെ കോശങ്ങളെ സംരക്ഷിക്കുന്നതിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നതിനും കറിവേപ്പിലയ്ക്ക്‌ കഴിയും. രോഗകാരികളായ പല ബാക്ടീരിയകളെയും നശിപ്പിക്കുന്നതിനും, മുറിവ്‌, വ്രണം എന്നിവ വേഗത്തില്‍ ഉണങ്ങുന്നതിനും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി സാധിക്കുന്നു. കറിവേപ്പിലയുടെയും പച്ച മഞ്ഞളിന്റെയും മിശ്രിതം സസ്യജന്യമായ പല വിഷങ്ങളും നിര്‍വീര്യമാക്കാന്‍ കഴിവുള്ളതാണ്‌.

കറിവേപ്പിലകള്‍ക്ക്‌ വേപ്പിലകളോട്‌ സാദൃശ്യമുണ്ട്‌. ഇക്കാരണംകൊണ്ടുതന്നെ പലരും കറിവേപ്പിനെ കറുത്ത വേപ്പ്‌ എന്ന അര്‍ത്ഥം വരുന്ന “കരിവേപ്പ്‌” എന്നു വിളിക്കാറുണ്ട്‌. “കരിവേപ്പില്‍” നിന്നാവാം ഒരുപക്ഷേ “കരിയാപ്പ്‌” എന്ന പദം ഉണ്ടായിട്ടുള്ളത്‌.

വേപ്പുമരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍, കറിവേപ്പ്‌ വളരെ ചെറിയ ഒരു മരമോ കുറ്റിച്ചെടിയോ ആണ്‌. കറിവേപ്പിന്‌ തെലുങ്കില്‍ “കറിവേപ്പകു” എന്നും തമിഴില്‍ “കറുവേപ്പിലെ” എന്നും ഹിന്ദിയില്‍ “കറി പത്ത” എന്നും പറയും. കന്നടക്കാര്‍ക്ക്‌ കറിവേപ്പ്‌ “കറി ബേവു” ആണ്‌. കറിവേപ്പിലയുടെ സുഗന്ധവും, ഔഷധഗുണവും മൂലം പല ഇന്ത്യന്‍, ശ്രീലങ്കന്‍ കറികളിലും കറിവേപ്പില ധാരാളമായി ഉപയോഗിക്കപ്പെടുന്നു.

2006 മുതല്‍ കറിവേപ്പിനെ Bergera എന്ന്‌ ജീനസില്‍ ഉള്‍പ്പെടുത്തുകയും കരിവേപ്പിലയുടെ ശാസ്ത്രീയ നാമം Bergera Koenigii എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്‌. ഒരു വ്യാഴവട്ടക്കാലം തമിഴ്‌നാട്ടില്‍ താമസിച്ച്‌ ഗവേഷണം നടത്തിയ ജര്‍മന്‍ സസ്യശാസ്ത്രജ്ഞന്‍ Johann Gerhard K�nig (1728�1785)-ന്റെ പേരിലാണ്‌ കറിവേപ്പ്‌ ശാസ്ത്രീയമായി അറിയപ്പെടുന്നത്‌. ഇന്ത്യയെക്കൂടാതെ ചൈന, നേപ്പാള്‍, ലാവോസ്‌, മ്യാന്‍മാര്‍, തായ്‌ലാന്റ്‌, വിയറ്റ്നാം എന്നീ രാജ്യങ്ങളിലും കറിവേപ്പില ഒരു സുഗന്ധവ്യന്‍ജനമായി ഉപയോഗിക്കപ്പെടുന്നുണ്ട്‌ പക്ഷേ വ്യവസായിക അടിസ്ഥാനത്തില്‍ കറിവേപ്പില കൃഷി വളരെ വിരളമാണ്‌.

പാശ്ചാത്യലോകം കറിവേപ്പിലയുടെ ഔഷധഗുണത്തെപ്പറ്റി ബോധവാന്മാരാകുകയും, ഇന്‍ഗ്ലണ്ടിലും അമേരിക്കയിലും (in California) മറ്റും കറിവേപ്പ്‌ കൃഷി ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്‌. അതിശൈത്യത്തെയും ഹിമപാതത്തെയും അതിജീവിക്കാന്‍ കറിവേപ്പിന്‌ കഴിവ്‌ കുറവാണ്‌. അതുകൊണ്ടുതന്നെ ശീതരാജ്യങ്ങളില്‍ പലരും വീട്ടിനുള്ളില്‍ അലങ്കാരസസ്യങ്ങളെപ്പോലെ ചട്ടികളില്‍ വളര്‍ത്തുന്നു.

“കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ വലിച്ചെറിയുക” – എന്നൊരു പ്രയോഗം തന്നെ നമുക്കിടയിലുണ്ട്‌. പക്ഷേ കറിവേപ്പില അങ്ങിനെ വലിച്ചെറിയപ്പെടേണ്ടവയല്ലെന്ന്‌ താഴെകൊടുത്തിരിക്കുന്ന കറിവേപ്പിലയുടെ ചില ഉപയോഗങ്ങളില്‍ നിന്നും മനസിലാകും
.
1. കറിവേപ്പില ചതച്ചിട്ട മോര്‌ ദിവസം പല പ്രാവശ്യം കുടിക്കുന്നത്‌ അതിസാരം കുറയുന്നതിന്‌ നല്ലതാണ്‌.
2. ഇഞ്ചിനീരില്‍ കറിവേപ്പില ചതച്ചിട്ട്‌ കുടിക്കുന്നത്‌ നെഞ്ചെരിച്ചില്‍, ഗ്യാസ്‌, വയറുവേധന എന്നിവയ്ക്ക്‌ ഔഷധമാണ്‌.
3. കറിവേപ്പിലയിട്ടു കച്ചിയ വെളിച്ചെണ്ണ മുടി വളരുന്നതിനും, അകാലനര തടയുന്നതിനും നല്ലതാണ്‌.
4. തൊക്‌രോഗമായ Eczema യ്ക്ക്‌ കറിവേപ്പിലയും പച്ചമഞ്ഞളും അരച്ചുചേര്‍ത്ത മിശ്രിതം പുരട്ടുന്നത്‌ നല്ലതാണ്‌.
5. ദിവസം 10 കറിവേപ്പില ഏകദേശം 3 മാസത്തോളം കഴിച്ചാല്‍ ഡയബറ്റിസ്‌ കുറയും
6. കിഡ്നി സംബന്തമായ ചില അസുഖങ്ങള്‍ക്ക്‌ കറിവേപ്പില്‍നിന്നു ഔഷധം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്‌.
7. കറിവേപ്പിന്റെ തൊലിയില്‍ നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍കലോയ്ഡുകള്‍ ലഭ്യമാണ്‌.
8. ചില സോപ്പുകള്‍ക്ക്‌ സുഗന്ധം കൊടുക്കാന്‍ കറിവേപ്പില ഉപയോഗിക്കുന്നുണ്ട്‌.

കറിവേപ്പില ഫ്രിഡ്ജില്‍ കുറച്ചു ദിവസങ്ങള്‍ കേടുകൂടാതെ ഇരിക്കുമെങ്കിലും ഫ്രെഷ്‌ ആയ ഇലകള്‍ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌. കരിവേപ്പിലയിട്ടു എണ്ണ കാച്ചി തലയില്‍ തേക്കുന്നത് മുടി തഴച്ചു വളരാനും മുടിക്ക് കറുപ്പ് നിറം നല്‍കാനും ഗുണകരമാണ് .

വീട്ടില്‍ നിർബന്ധമായും ഉണ്ടായിരിക്കേണ്ട സസ്യങ്ങളിൽ പ്രധാനി ആണ് കറി വേപ്പില .

ഇനി ഒരല്‍പം നാട്ടറിവുകൾ :

വിഷ ജന്തുക്കൾ കടിച്ചാൽ കറിവേപ്പില പാലിലിട്ടു വേവിച്ചു അരച്ചെടുത്ത് വിഷ ജീവി കടിച്ച കടിവായിൽ പുരട്ടിയാൽ വേദനയും നീരും ശമിക്കും , കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നതും ഗുണകരമാണ് .
അലർജിക്ക് മഞ്ഞളും കറിവേപ്പിലയും ചേർത്തരച്ചു ദിവസവും കഴിക്കുന്നത്‌ ഗുണകരമാണ് .
വയറു കടി , മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് കറിവേപ്പില മോരിലരച്ചു സേവിക്കുന്നത് ഉത്തമം .
പുഴുക്കടി മാറാൻ കറിവേപ്പിലയും മഞ്ഞളും ചേർത്ത് അരച്ച് പുരട്ടിയാൽ മതി .
കറികളിൽ പതിവായി കറിവേപ്പില ചേര്ക്കുന്നത് നേത്ര ആരോഗ്യത്തിനു ഉത്തമം ആണ് .

( അറിയിപ്പ്: മുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ജനങ്ങളുടെ അറിവിലേക്കായി പലയിടങ്ങളില്‍ നിന്നും ശേഖരിച്ചു നല്‍കുന്നവയാണ്. ഓരോ വിഷയത്തിലും നല്ല അവഗാഹം ഉള്ളവരുമായി സംസാരിച്ച് ,ഉത്തമബോധ്യം വന്നതിനു ശേഷം പ്രയോഗത്തില്‍ വരുത്തുക. ഇതുമായി മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന ഗുണങ്ങള്‍ക്കോ ,ദോഷങ്ങള്‍ക്കോ ഈ മാധ്യമത്തിനു യാതൊരു ഉത്തരവാദിത്വവും ഉണ്ടാകുന്നതല്ല )