ബിഹാറില്‍ നിതീഷ് അധികാരമേറ്റു

ni
ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാര്‍ ബിഹാറില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. പട്‌നയിലെ ഗാന്ധി മൈതാനത്ത് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സത്യപ്രതിജ്ഞ.ഇത് നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. ലാലുപ്രസാദ് യാദവിന്റെ ഇളയ മകന്‍ 26 കാരനായ തേജ്വസി യാദവാണ് ഉപമുഖ്യമന്ത്രി.

12 മന്ത്രിമാര്‍ ജനതാദള്‍ (യു) വില്‍ നിന്നും 12 പേര്‍ ആര്‍.ജെ.ഡിയില്‍ നിന്നുമാണ്. കോണ്‍ഗ്രസിന് നാലു മന്ത്രിമാരാണുള്ളത്. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍.ജെ.ഡി.ക്ക് 80 സീറ്റാണുള്ളത്. ജെ.ഡി.യു.വിന് 71 സീറ്റും കോണ്‍ഗ്രസിന് 27 സീറ്റുമാണുള്ളത്.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ, ഡി.എം.കെ. പ്രതിനിധി എം.കെ. സ്റ്റാലിന്‍, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ,ഫറൂഖ് അബ്ദുള്ള എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കേന്ദ്രസര്‍ക്കാറിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിതീഷ് കുമാര്‍ ക്ഷണിച്ചിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാറിനെ പ്രതിനിധീകരിക്കാനുള്ള ചുമതല വെങ്കയ്യ നായിഡുവിന് കൈമാറുകയായിരുന്നു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങ് അവസാനിച്ചപ്പോഴാണ് രാഹുലിന് എത്താനായത്.