ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം

ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ 72 റണ്‍സിന് ബംഗ്ലാദേശിനെയാണ് ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തത്.  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. കൃത്യമായ ലൈനും ലെങ്തും കാത്തുസൂക്ഷിച്ച് പന്തെറിഞ്ഞ ബൗളര്‍മാരുടെ മിന്നുന്ന പ്രകടനമാണ് ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ മിഥാലി രാജിന്റെയും (35 പന്തില്‍ 42), ഹര്‍മന്‍പ്രീത് കൗര്‍ (29 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറുമടക്കം 40) വി.ആര്‍. വനിത (24 പന്തില്‍ 38), വേദ കൃഷ്ണമൂര്‍ത്തി (24 പന്തില്‍ രണ്ട് സിക്‌സറുള്‍പ്പെടെ പുറത്താകാതെ 36) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യന്‍ സ്‌കോര്‍ 163-ല്‍ എത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് വനിതകള്‍ക്ക് ഒരിക്കല്‍ പോലും മികച്ച ഇന്ത്യന്‍ ബൗളിങിനെതിരെ തിളങ്ങാനായില്ല. സ്‌കോര്‍ ബോര്‍ഡില്‍ 68 റണ്‍സായപ്പോഴേക്കും മുന്‍നിര വിക്കറ്റുകള്‍ വീണു. പിന്നീട് ഇൗ തകര്‍ച്ചയില്‍ നിന്ന് അവര്‍ക്ക് കരകയറാനും കഴിഞ്ഞില്ല.25 പന്തില്‍ നിന്ന് 27 റണ്‍സ് നേടി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍. 21 റണ്‍സെടുത്ത ഓപ്പണര്‍ ഷര്‍മിന്‍ അക്തര്‍ റണ്ണൗട്ടായി. ഇന്ത്യക്ക് വേണ്ടി അനൂജ പാട്ടിലും പൂനം യാദവും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗറാണ് മത്സരത്തിലെ താരം. ശനിയാഴ്ച പാക്കിസ്ഥാന്‍ വനിതകള്‍ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത കളി. ബംഗ്ലാദേശ് നാളെ ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും.