പെസഹയ്ക്ക് സ്ത്രീകളുടെ കാല്‍കഴുകല്‍ ഈ വര്‍ഷം ഇല്ല

കേരള സഭയില്‍ പെസഹ വ്യാഴാഴ്ച സ്ത്രീകളുടെ കാല്‍കഴുകള്‍ ശുശ്രൂഷയുണ്ടായിരിക്കില്ല.  പൗരസ്ത്യ സഭകളില്‍ സ്ത്രീകളുടെ കാല്‍കഴുകല്‍ നിര്‍ബന്ധമല്ലെന്ന് വത്തിക്കാന്‍ വിശദീകരിച്ച സാഹചര്യത്തിലാണിത്.

ലത്തീന്‍ സഭയില്‍ അതത് രൂപതകള്‍ക്ക് തീരുമാനിക്കാമെന്നാണ് നിര്‍ദേശം. ജനുവരിയിലാണ് വത്തിക്കാന്‍ ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. മാര്‍പ്പാപ്പയുടെ നിര്‍ദേശം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാനാണ് വരാപ്പുഴ ലത്തീന്‍ അതിരൂപത അറിയിച്ചു.

ഫ്രാന്‍സിസ് പാപ്പ മാര്‍പ്പാപ്പയായ ശേഷം നടത്തിയ കാല്‍കഴുകള്‍ ശുശ്രൂഷയില്‍ സ്ത്രീകളെയും കുറ്റവാളികളെയും മാറാരോഗികളെയും ഉള്‍പ്പെടുത്തിയിരുന്നു. ഭാരത സഭയില്‍ സിറോ മലബാര്‍ സഭയും മലങ്കര സഭയും മാര്‍പ്പാപ്പയുടെ നിര്‍ദേശം തിടുക്കത്തില്‍ നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ആരാധനാക്രമത്തില്‍ ‘കാല്‍ കഴുകലിനായി വിളിക്കപ്പെടുന്ന പുരുഷന്മാര്‍’ എന്ന പരാമര്‍ശത്തെ ‘കാല്‍ കഴുകലിനായി വിളിക്കപ്പെടുന്ന ദൈവജനം’ എന്ന് മാറ്റുന്നതിനും വത്തിക്കാന്‍ കല്‍പ്പന പുറപ്പെടുവിച്ചിരുന്നു. 12 ശിഷ്യന്മാരെ പ്രതിനിധീകരിച്ച് 12 പേരുടെ കാല്‍കഴുകുന്ന പാരമ്പര്യവും ഇതോടെ ഇല്ലാതാവും.