നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് 3000 സീറ്റ് നല്‍കുമെന്ന് ജെംസ് എജ്യൂക്കേഷന്‍

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്‌മെന്റ് കണ്‍സല്‍റ്റന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ജെംസ് എജ്യൂക്കേഷന്‍ .

ഇതനുസരിച്ച് ഫീസ് നല്‍കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി നാലുശതമാനം സ്‌കൂള്‍ സീറ്റുകള്‍ നീക്കിവയ്ക്കാനാണ് ജെംസ് എജ്യൂക്കേഷന്‍ അധികൃതരുടെ തീരുമാനം. നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ജെംസ് എജ്യൂക്കേഷന്‍ സ്‌കൂളുകളില്‍ 3000 സീറ്റുകള്‍ നീക്കിവയ്ക്കാന്‍ തീരുമാനിച്ചതായി ജെംസ് എജ്യൂക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കി അറിയിച്ചു.

സംരംഭത്തിനു പിന്തുണ നല്‍കാനുള്ള ജെംസിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നു മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്‌മെന്റ് കണ്‍സല്‍റ്റന്‍സി സെക്രട്ടറി ജനറല്‍ ഡോ. ഹമദ് അല്‍ ഹമ്മാദി പറഞ്ഞു.