പരവൂര്‍ ദുരന്തം സിബിഐക്ക് വിടാന്‍ മന്ത്രിസഭാ തീരുമാനം

പരവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭാ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

സിബിഐ അന്വേഷണം സംബന്ധിച്ച കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും. ദുരന്തത്തില്‍ അട്ടിമറിയില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് ബോധ്യമായത്.
മന്ത്രിസഭാ ഉപസമിതി നാളെ അപകടസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു.

മന്ത്രിമാരായ അടൂര്‍ പ്രകാശ്, ഷിബു ബേബിജോണ്‍, വിഎസ് ശിവകുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ ദുരന്തസ്ഥലം പരിശോധിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ രാജി ആവശ്യപ്പെട്ട പിണറായി വിജയന്റെ പ്രസ്താവനയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ വിമര്‍ശിച്ചു. പുല്ലുമേട്, തേക്കടി ദുരന്തങ്ങള്‍ ഉണ്ടായത് ഇടതുസര്‍ക്കാരിന്റെ കാലത്താണെന്നും അന്നാരും സര്‍ക്കാരിനെതിരെ രംഗത്തുവരാതെ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.