രാജ്യസഭാംഗത്വം രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി.

രാജ്യസഭാംഗം എന്ന നിലയില്‍ ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തിനായിരിക്കും മുന്‍തൂക്കം. വറ്റിവരളുന്ന നദികളും കുളങ്ങളുമടങ്ങുന്ന ജലസ്രോതസുകളെ മുഴുവന്‍ വീണ്ടെടുക്കും. അത് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി എല്ലായിടത്തേക്കും വ്യാപിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

25 വര്‍ഷത്തിന് അപ്പുറത്തേക്ക് സംസ്ഥാനത്തിന്റെ വികസനമെത്തിക്കുകയാണ് ലക്ഷ്യം. വറ്റിവരളുന്ന കുളങ്ങളും നദികളുമടങ്ങുന്ന ജലസ്രോതസ് വീണ്ടെടുക്കുന്നതിന് പ്രഥമപരിഗണന ലഭിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി താന്‍ 25 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്തുണ്ടെന്ന് അവകാശപ്പെട്ടു. സൈലന്റ് വാലി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് കത്തെഴുതിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആദ്യമായി കത്തെഴുതിയത് താനും സുഹൃത്തുക്കളും ചേര്‍ന്നാണെന്ന് സുരേഷ് ഗോപി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുടര്‍ന്നും സജീവമായി പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ നടന്‍ രാഷ്ട്രീയമല്ല രാഷ്ട്രം തന്നെയാണ് പ്രധാനം എന്നും പറഞ്ഞു.

സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ്  ഒ രാജഗോപാല്‍ പറഞ്ഞു.