രാജ്യത്തെ ഏറ്റവും വലിയ ദേശീയ പതാക വാഗാ അതിർത്തിയിൽ.

പഞ്ചാബിൽ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള അതിര്‍ത്തി കവാടമായ വാഗയിൽ രാജ്യത്തെ ഏറ്റവും വലിയ ദേശീയപതാക സ്ഥാപിക്കാൻ ഇന്ത്യൻ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) തയാറെടുക്കുന്നു. 2017 ജനുവരിയോടെ ദേശീയ പതാക സ്ഥാപിക്കാനാണ് പദ്ധതി. 350 അടിയോളം ഉയരമുള്ളതായിരിക്കും ഈ ഭീമൻ ദേശീയ പതാക.

പാക്കിസ്ഥാനിലെ ലഹോറിൽ നിന്നും ഇന്ത്യയിലെ അമൃത്സറിൽ നിന്നും കാണാൻ സാധിക്കുന്നത്ര വലുപ്പത്തിലായിരിക്കും പതാക സ്ഥാപിക്കുകയെന്ന് ബിഎസ്എഫ് വക്താവ് അറിയിച്ചു.നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ദേശീയപതാകയുള്ളത് ജാർഖണ്ഡിലെ റാഞ്ചിയിലാണ്.293 അടി ഉയരമുള്ള ഈ പതാക കഴിഞ്ഞ ജനുവരിയിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കറാണ് ഉദ്ഘാടനം ചെയ്തത്.

പഞ്ചാബ് തലസ്‌ഥാനമായ അമൃത്സറില്‍നിന്ന് 28 കിലോമീറ്ററും പാക്ക് പഞ്ചാബ് തലസ്‌ഥാനമായ ലഹോറില്‍നിന്ന് 22 കിലോമീറ്ററുമാണ് വാഗ അതിര്‍ത്തിയിലേക്കുള്ളത്.