യൂറോയിൽ പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം

june euroകോപ്പ അമേരിക്കയ്ക്ക് പിന്നാലെ ഫുട്ബോൾ ലോകം യൂറോകപ്പിന്‍റെ ആരവങ്ങളിലേക്ക്. നാളെ അ‍‍ർദ്ധരാത്രിയിൽ ഫ്രാൻസും റൊമാനിയയും തമ്മിൽ നടക്കുന്ന മത്സരത്തോടെ ആവേശം വിതറുന്ന ഫുട്ബോൾ രാത്രികൾക്ക് തുടക്കമാകും. 24 ടീമുകൾ ചരിത്രത്തിലാദ്യമായി ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമായാണ് ഇക്കുറി യൂറോ കപ്പിന്‍റെ കിക്കോഫ്. ആവേശം വിതറുന്ന മത്സരങ്ങൾ ഫ്രാൻസിലെ പത്ത് നഗരങ്ങളിലായാണ് നടക്കുക. നാലുടീമുകൾ വീതം ആറു ഗ്രൂപ്പുകളിലായാണ് മാറ്റുരയ്ക്കുന്നത്.

ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരും മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന നാല് ടീമുകളും നോക്കൗട്ടിലെത്തും. ജൂലൈ 11നാണ് കലാശ പോരാട്ടം. കഴിഞ്ഞ രണ്ട് തവണയും ചാമ്പ്യൻമാരായ സ്പാനിഷ് നിര കിരീടം നിലനിർത്താനുറച്ചാണ് ടൂർണമെന്‍റിനെത്തുന്നത്. മൂന്നുതവണ യൂറോകപ്പ് നേടിയ ജർമനിയും വെറും കയ്യോടെ മടങ്ങാനല്ല വരുന്നത്. ആതിഥേയരായ ഫ്രാൻസും ഇംഗ്ളണ്ടും പോർച്ചുഗലും ബെൽജിയവും കൂടി മാറ്റുരയ്ക്കുമ്പോൾ ഉറക്കമില്ലാത്ത രാത്രികൾക്കാണ് ആരാധകർ കാത്തിരിക്കുന്നത്.