ജയസൂര്യയുടെ ഇടി, ഓഗസ്റ്റില്‍

ജയസൂര്യ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ഇഡി- എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തും. നവാഗതനായ സാജിത് യാഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേരള കര്‍ണാടക അതിര്‍ത്തിയിലെ കൊല്ലനഹള്ളി എന്ന സാങ്കല്പിക ഗ്രാമത്തില്‍ ജോലി ലഭിക്കുന്ന സബ് ഇന്‍സ്പെക്ടറുടെ കഥയാണ് ഇഡിയിലൂടെ പറയുന്നത്.

ശിവദയാണ് നായിക. സു സു സുധി വാത്മീകത്തിനു ശേഷം ശിവദ ജയസൂര്യയുടെ നായികയാകുന്ന ചിത്രമാണിത്. അറൗസ് ഇര്‍ഫാനും സാജിത് യാഹിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ജയസൂര്യയുടെ ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്ന ചിത്രം കൂടിയാണ് ഇഡി.രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. മാജിക് ലാന്റേണ്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രം ഇറോസ് ഇന്റര്‍നാഷണലാണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്.