ഏഴാം ശമ്പള കമ്മീഷന്‍ :ശമ്പളം മൂന്നിരട്ടിയാക്കി. കുറഞ്ഞത് 18,000 രൂപ !

ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു. കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തില്‍ മൂന്നിരട്ടി വര്‍ദ്ധന ഇതിലൂടെയുണ്ടാകും.

48 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്കും 55 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വളരെയേറെ ഗുണം ചെയ്യുന്ന ശമ്പള പരിഷ്‌കരണമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുക.കുറഞ്ഞ ശമ്പളം 18,000 രൂപ. ഉയര്‍ന്ന ശമ്പളം കാബിനറ്റ് സെക്രട്ടറിക്ക്, രണ്ടേകാല്‍ ലക്ഷം രൂപ. ഇപ്പോഴിത് 90,000 രൂപയാണ്. പെന്‍ഷനില്‍ 24 ശതമാനം വര്‍ദ്ധന. മൊത്തം 23.6 ശതമാനം വര്‍ദ്ധന. വാര്‍ഷിക ഇന്‍ക്രിമെന്റ് രണ്ടര ശതമാനത്തില്‍ നിന്ന് മൂന്നു ശതമാനമാക്കി.ഭവന നിര്‍മ്മാണത്തിനുള്ള അഡ്വാന്‍സ് ഏഴര ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ത്തി.

പുതിയ നിരക്കില്‍ ശമ്പളം നല്‍കാന്‍ കേന്ദ്രത്തിന് പ്രതിവര്‍ഷം 1.02 ലക്ഷം കോടി രൂപ അധികമായി വേണ്ടിവരുക. കഴിഞ്ഞ ബജറ്റിലേ ഇതിനുള്ള തുക മുന്‍കൂട്ടി കണ്ടെത്തി വകയിരുത്തിയിരുന്നു.ശമ്പള പരിഷ്‌കരണത്തിന് പണം കണ്ടെത്താന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാവില്ല. ബജറ്റില്‍ 73,650 കോടിയാണ് വകയിരുത്തിയത്. 28,450 കോടി റെയില്‍വേയില്‍ നിന്ന് ലഭിക്കും.

2015 നവംബറിലാണ് ജസ്റ്റിസ്(റിട്ട.) എ.കെ. മാഥൂറിന്റെ അധ്യക്ഷതയിലുള്ള സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് കാബിനറ്റ് സെക്രട്ടറി എ.കെ. സിന്‍ഹയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പരിശോധിച്ചു  ചെറിയ ഭേദഗതികളോടെ സമിതി കേന്ദ്രത്തിന് സമര്‍പ്പിക്കുകയും  കേന്ദ്രമന്ത്രിസഭ  റിപ്പോര്‍ട്ടിന് അംഗീകാരവും നല്‍കുകയും ആയിരുന്നു.