റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍  പുരുഷ സിംഗിള്‍സില്‍ കെ.ശ്രീകാന്തും വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവും പ്രീ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ വനിതാ സിംഗിള്‍സിലെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സൈന നേവാള്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി.കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് മരിയ പ്രീക്വാര്‍ട്ടറിന് യോഗ്യത നേടിയത്. സൈന ഒരു മത്സരത്തില്‍ ജയിക്കുകയും ഒന്നില്‍ തോല്‍ക്കുകയും ചെയ്തു. നാല്‍പത് മിനിറ്റ് നീണ്ടുനിന്ന മത്സരത്തിന്റെ ഒരുവേളയിലും നല്ലൊരു പോരാട്ടം കാഴ്ചവയ്ക്കാന്‍ സൈനയ്ക്കായില്ല. റാലികളിലും സ്ട്രോക്കുകളിലുമെല്ലാം മരിയക്കായിരുന്നു മേല്‍ക്കൈ.

ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തില്‍ ലോക റാങ്കിങ്ങില്‍ അറുപത്തിയൊന്നാം സ്ഥാനത്തുള്ള യുക്രെയിനിന്റെ മരിയ അള്‍ട്ടിനയാണ് , അഞ്ചാം സ്ഥാനത്തുള്ള സൈനയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് അട്ടിമറിച്ചത്.

സ്‌കോര്‍: 18-21, 19-21. സമീപകാലത്ത് സൈന നേരിട്ട ഏറ്റവും വലിയ തോല്‍വി കൂടിയാണിത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവാണ് സൈന നേവാള്‍.