മദര്‍ ഇന്ന് വിശുദ്ധ തെരേസ

മദര്‍ തെരേസയെ ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിക്കാനിരിക്കെ വത്തിക്കാനിലേക്ക് വിശ്വാസികളുടെ പ്രവാഹം.

ഇന്നു രാവിലെ വത്തിക്കാൻ സമയം 10.30ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു രണ്ടുമണി) വിശുദ്ധ പ്രഖ്യാപനച്ചടങ്ങുകൾ ആരംഭിക്കും.

ബസിലിക്കയുടെ മുന്നിൽ തയാറാക്കിയ പ്രത്യേക വേദിയിൽ നടക്കുന്ന കുർബാനയ്ക്കു മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.

അൽബേനിയ, ഫ്രഞ്ച്, ബംഗാളി, പോർച്ചുഗീസ്, ചൈനീസ് ഭാഷകളിൽ മധ്യസ്ഥ പ്രാർഥന ചൊല്ലും.

മദർ തെരേസയുടെ കൂറ്റൻ ചിത്രം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുഖ്യകവാടത്തിനു മുകളിൽ സ്ഥാപിച്ചു. ഇന്നലെ വൈകിട്ടു ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്ത പ്രബോധന പരിപാടിയിൽ ആയിരക്കണക്കിന് ആളുകളാണു പങ്കെടുത്തത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ മാര്‍പാപ്പയുടെ പ്രഭാഷണം സാധാരണ നടക്കുക ബുധനാഴ്ചയാണ്. എന്നാല്‍, മദര്‍ തെരേസയുടെ നാമകരണച്ചടങ്ങ് പ്രമാണിച്ച് ശനിയാഴ്ച മാര്‍പാപ്പ  പ്രത്യേകമായി ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യാനെത്തി.

മദർ തെരേസയുടെ കരുണ നിറഞ്ഞ ജീവിതത്തെക്കുറിച്ചു പ്രബോധനത്തിനിടെ പ്രത്യേകം പരാമർശിച്ച മാർപാപ്പ, മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ മദർ സൂപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമയെ ചടങ്ങിനിടെ അഭിവാദ്യം ചെയ്തു.

വിശുദ്ധപ്രഖ്യാപനത്തിനുമുന്നോടിയായി ബുധനാഴ്ച മുതല്‍ ഇന്ത്യന്‍ കലാപരിപാടികളും മറ്റും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഒദ്യോഗിക ടീം എത്തി.

വിശുദ്ധ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്നു കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിൽ എത്തിയ ഔദ്യോഗിക സംഘത്തെ റോമിലെ വിമാനത്താവളത്തിൽ ഭാരത കത്തോലിക്കാ മെത്രാൻ സംഘം (സിബിസിഐ) പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ സ്വീകരിച്ചു.

അഗതികളുടെ അമ്മയെ ‘കരുണയുടെ വിശുദ്ധവർഷ’ത്തിന്റെ ഭാഗമായാണു കത്തോലിക്കാ സഭ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.