ഇറാഖില്‍ ഐഎസ് ഭീകരത; 60 പേരെ കൊന്ന് കെട്ടിത്തൂക്കി

ഭീകരസംഘടനയായ ഐഎസ് ഇറാഖിലെ മൊസൂളില്‍ അറുപതിലേറെപ്പേരെ കൊന്നു കെട്ടിത്തൂക്കിയതായി യുഎന്‍. സൂളില്‍ നാല്‍പ്പത് സാധാരണക്കാരെ ഓറഞ്ച് നിറമുള്ള വസ്ത്രം ധരിപ്പിച്ചു ചുവന്ന അക്ഷരത്തില്‍ രാജ്യദ്രോഹികള്‍ എന്നെഴുതിയ പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കിയതിന് ശേഷം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പൊതുസ്ഥലത്ത് കെട്ടിത്തൂക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അടുത്ത ദിവസം ഇരുപതു പേരെയാണ് കൊലപ്പെടുത്തിയത്.

ഹമാം അല്‍ -അലില്‍ എന്ന പട്ടണത്തില്‍ ഇറാഖി സേന വലിയ ഒരു ശവപ്പറമ്പ് തന്നെയാണ് കണ്ടത്തിയിരിക്കുന്നത്. നൂറോളം അസ്ഥി കൂടങ്ങളാണ് ഇവിടെ നിന്നും ലഭിച്ചത്. ഐഎസില്‍ നിന്നു കനത്ത ചെറുത്തുനില്‍പ്പു നേരിടുന്നുണ്ടെങ്കിലും മൊസൂള്‍ നഗരത്തിന്റെ വടക്കും തെക്കും ഭാഗത്തു പോരാട്ടം ശക്തമാണെന്ന് സേന പറഞ്ഞു. കിഴക്കന്‍ മൊസൂളില്‍ യുദ്ധം 10 ദിവസമായി തുടരുകയാണ്.

യുവാക്കളെയും കൊച്ചുകുട്ടികളെയും സ്‌ഫോടക ബെല്‍റ്റുകള്‍ ധരിപ്പിച്ച് വിന്യസിച്ചിരിക്കുകയാണ്. പോരാളികള്‍ക്ക് അടിമകളായി യസീദി യുവതികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നുണ്ട്. മുന്‍ സുരക്ഷാ സേന അംഗങ്ങളെയും കൊലപ്പെടുത്തിയ ശേഷം അവരുടെ മൃതദേഹങ്ങള്‍ ട്രക്കുകളിലാക്കി ശ്മശാനങ്ങളിലേക്ക് കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്.