ഡിജിറ്റല്‍ ബാങ്കിംഗ് സാക്ഷരതാ മിഷനുമായി ബിജെപി

പേപ്പര്‍ കറന്‍സി രഹിത സമൂഹമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പാക്കാന്‍ ഡിജിറ്റല്‍ ബാങ്കിംഗ് സാക്ഷരതാ മിഷന്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകളെപ്പറ്റി പൊതുജനങ്ങളെ ബോധവത്കരിക്കുകയും പരിശീലനം നല്‍കുകയുമാണ് ലക്ഷ്യം.

റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുമായും സഹകരിച്ചാണ് ബോധവത്കരണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

കള്ളപ്പണം തടയുന്നതില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ പ്രാധാന്യം, ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തേണ്ട വിധം എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കും.

ഡിസംബര്‍ മൂന്നിന് കൊച്ചിയില്‍ പദ്ധതിക്ക് തുടക്കമാകും. ബാങ്കിങ് രംഗത്തെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാനതല പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും ,തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളെ സമ്പൂര്‍ണ്ണ കറന്‍സി രഹിത പഞ്ചായത്തുകളാക്കി മാറ്റാനും മിഷന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് കുമ്മനം രാജശേഖരന്‍ അറിയിച്ചു.