ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിന് അമൃത്‌സറില്‍ തുടക്കം

40ഓളം രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിന് ശനിയാഴ്ച അമൃത്‌സറില്‍ തുടക്കമാകും. രാജ്യങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളും ഭീകരാക്രമണ ഭീഷണിയുമായിരിക്കും സമ്മേളനത്തിന്റെ മുഖ്യ അജണ്ട.അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സമാപന സമ്മേളനം സംയുക്തമായി ഉദ്ഘാടനം ചെയ്യും.

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയങ്കറും അഫ്ഗാന്‍ സഹ വിദേശകാര്യ മന്ത്രി ഹിക്മത് ഖലീല്‍ കര്‍സായിയുമാണ് സമ്മേളനത്തിന്റെ ഉപാധ്യക്ഷ പദവി അലങ്കരിക്കുന്നത്.

ഇന്ത്യ, ചൈന, റഷ്യ, ഇറാന്‍, പാകിസ്താന്‍ തുടങ്ങി 14 രാജ്യങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഇതിനെ പിന്തുണച്ച് മറ്റ് 17 രാജ്യങ്ങളിലെ പ്രതിനിധികളും സന്നദ്ധ സംഘടനകളും സമ്മേളനത്തില്‍ പങ്കെടുക്കും.

അഫ്ഗാനിസ്താനും തെക്ക് മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള തൊഴില്‍ കരാറും യോഗത്തില്‍ ചര്‍ച്ച വിഷയമാകും. ഞായറാഴ്ച നടക്കുന്ന മന്ത്രിതല സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പങ്കെടുക്കും.