മുഹമ്മദ് അജ്മലും വിനിയും വേഗമേറിയ താരങ്ങള്‍

സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തില്‍ പി.വി. വിനി വേഗമേറിയ വനിതാതാരമായപ്പോള്‍ മുഹമ്മദ് അജ്മല്‍ വേഗമേറിയ പുരുഷതാരമായി.

പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന്റെ താരമാണ് സീനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനം നേടിയ വിനി.12.63 സെക്കന്‍ഡിലാണ് വിനിയുടെ ഫിനിഷിങ്. മേളയില്‍ വിനിയുടെ രണ്ടാം സ്വര്‍ണമാണ്. ലോങ് ജംപിലാണ് ആദ്യ സ്വര്‍ണം.

പാലക്കാട് കല്ലടി സ്‌കൂളിന്റെ താരമാണ് ഒന്നാമതെത്തിയ മുഹമ്മദ് അജ്മല്‍. നേരിയ വ്യത്യാസത്തിലാണ് ഓംകാര്‍ രണ്ടാം സ്ഥാനത്തായത്. സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തില്‍ എറണാകുളം ജില്ല മുന്നേറ്റം തുടരുന്നു. മേളയുടെ രണ്ടാംദിനം മൂന്ന് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ അശ്വിന്‍ ശങ്കറും സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ കോതമംഗലം മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പിയുമാണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.