ദലിത്, ആദിവാസി ചൂഷണമാണ് മാവോയിസ്റ്റ് ഭീഷണിയുണ്ടാവാന്‍ കാരണമെന്ന് വി.എം സുധീരന്‍

ദലിത്, ആദിവാസി സമൂഹം നേരിടുന്ന കടുത്ത ചൂഷണമാണ് ഇവരിലേക്ക് തീവ്രവാദ, മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കയറി ചെല്ലാന്‍ അവസരം ഒരുക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികള്‍ ഇവരിലേക്ക് എത്തുന്നില്ല. ദലിത് ആദിവാസി വിഭാഗങ്ങളെ ചൂക്ഷണവിമുക്തമാക്കുന്ന സാഹചര്യം ഉണ്ടാക്കേണ്ടത് പരമപ്രധാന്യമാണ്.ഇന്ദിരാഭവനില്‍ അംബേദ്കര്‍ അറുപതാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലമെത്ര കഴിഞ്ഞിട്ടും ഇന്നും ദലിത് ആദിവാസി സമൂഹം നമ്മുടെ രാജ്യത്ത് പലവിധ ചൂക്ഷണത്തിന് വിധേയരാകുന്നു. ഇന്ത്യന്‍ ഭരണഘടനപോലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യനീതി, തുല്യ അവസരം ഉറപ്പുനല്‍കുന്ന ഭരണഘടന ലോകരാഷ്ട്രങ്ങള്‍ക്ക് അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.