വരട്ടാറിന്‍പ്രഭവത്തിങ്കല്‍ രണ്ട് ദേവതാപസര്‍

അവിടെ അവര്‍ മൂന്നുപേരുണ്ട്, സത്യത്തില്‍. (മഹാ)രാജലീലാസനത്തില്‍ മരുവും ധര്‍മശാസ്താവാണ്‌ ഒരാള്‍. അതിസുന്ദരന്‍. കണ്ണ് പറിച്ചു പോരാന്‍ തോന്നാത്ത അത്രയും ഭംഗി. രണ്ടാമന്‍ ബുദ്ധന്‍ ആണെന്ന് പറയുന്നു. ഇവര്‍ രണ്ടുപേര്‍ എത്രയോ കാലങ്ങളായി യോഗലീനരാണ്. അവര്‍ക്ക് തപഭംഗം വരാതിരിക്കാനെന്നോണം കാവലായി ബ്രഹ്മശാസ്താവാ*യ സുബ്രഹ്മണ്യനും.. എത്രകാലമായി അവര്‍ അവിടെ വന്നു ചേര്‍ന്നിട്ട്, എത്രകാലമായി തപം തുടങ്ങിയിട്ട്, ഒന്നും ആര്‍ക്കും അറിയില്ല. ദേവസേനാധിപതിയുടെ കാവലിലും, അവരുടെ ഉടജം ആരോ, എന്നോ തകര്‍ത്ത് എറിഞ്ഞിട്ടുണ്ട്. അവരെ അങ്ങനെ, നിതാന്തമായി, പ്രകൃതിയുടെ തുറസ്സില്‍ മഞ്ഞും മഴയും വെയിലും കൊള്ളാന്‍ വിട്ടിട്ടുണ്ട് .

news

ആദിപമ്പയുടെയും, വരട്ടാറിന്‍റെയും തീരനാഗരികതകളുടെ പഠന-പരിക്രമണങ്ങള്‍ക്കിടയില്‍ ആണ് ഒരിക്കല്‍ ഇവിടെ എത്തുന്നത്‌. തനിയെ എത്തിയതല്ല. പ്രേഷ്ഠസഹചാരി, നോവലിസ്റ്റ്‌ ശ്രീ. ഇ വി റെജി എത്തിച്ചതാണ്… ഈ തകര്‍ച്ചയിലേക്ക്. മുമ്പൊരിക്കല്‍ നോബല്‍ ജേതാവ് വി എസ് നെയ്പാള്‍ ഹംപിയില്‍ ആദ്യമായി എത്തിയത് പറഞ്ഞിരുന്നു. അന്ന് ധ്വംസനത്തിന്‍റെ ആ ചരമകാഷ്ഠ കണ്ടു അദ്ദേഹം പൊട്ടിക്കരഞ്ഞത് ഓര്‍ത്തുപോകുംവിധം ശിഥിലമായ ഒരിടം. അക്ഷരാര്‍ഥത്തില്‍ ഒരു മഹാക്ഷേത്രം. ഒരു നാല്പതു-നാല്പത്തിരണ്ടടി വ്യാസം ഉണ്ടാവും ആ ക്ഷേത്രശ്രീകോവിലിന്. നമുക്ക് ചുറ്റും ഉള്ള ഒട്ടുമിക്ക മേജര്‍ ക്ഷേത്രങ്ങളുടെയും മാനപ്രമാണങ്ങള്‍ക്കൊത്ത ഒരു വലിയ ശ്രീകോവില്‍. പക്ഷെ, ഇന്ന് അവിടെ അതിന്റെ തകര്‍ന്ന അടിത്തറ മാത്രമേ ഉള്ളൂ. അതുതന്നെ ഒട്ടൊക്കെ അവ്യവസ്ഥിതം ആണ്. ഇളകിയും ഉടഞ്ഞും പൊഴിഞ്ഞും. നാലമ്പലമോ, വിളക്കുമാടമോ, പ്രാകാരങ്ങളോ ഉണ്ടായിരുന്നതിന്‍റെ സൂചനകള്‍ ഒന്നും പ്രത്യക്ഷത്തില്‍ അവിടെ ഇല്ല എന്നതും ശ്രദ്ധിച്ചു.

ചെങ്ങന്നൂരില്‍, മംഗലത്തില്‍, മംഗലത്ത് വാര്യത്തിന്‍റെ അവകാശത്തില്‍ ആണ് തേവര്‍കാടു സുബ്രഹ്മണ്യക്ഷേത്രം എന്ന് ഇന്ന് വിളിക്കപ്പെടുന്ന, സ്വാഭാവികമായും ചരിത്രഗവേഷണം അര്‍ഹിക്കുന്ന ഈ ഇടം. മറ്റൊരു ഉദാത്തമായ കാരണം കൂടി ഉണ്ട് ഞങ്ങള്‍ വരട്ടാര്‍ പുനരുജ്ജീവനശ്രമികള്‍ക്ക്. ഒരുപക്ഷെ അത് തന്നെയാവും ഈ നിര്‍ജനസങ്കേതത്തെ ഇത്രമേല്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതും. ചരിത്രാതീതകാലം മുതല്‍, ഞങ്ങളുടെ പ്രിയ നദിക വരട്ടാര്‍, പമ്പയുടെ ജലഗര്‍ഭത്തില്‍നിന്ന് ഞങ്ങളെ തേടി ഊറിയിറങ്ങിവന്നിരുന്നത് ഇവിടെ നിന്നാണ്. എത്ര കാലം ഞങ്ങളുടെ കുലപൂര്‍വ്യം ആ സ്ഫടിക കേവലതയിലേക്ക് വിനമ്രതയോടെ വന്നണഞ്ഞിട്ടുണ്ട്. തുടിച്ചാര്‍ത്തിട്ടുണ്ട്. വാക്കും വഴക്കവും അഭ്യസിച്ചിട്ടുണ്ട്.** എത്രകാലം ആ രമ്യകേദാരം കാലസാക്ഷിയായി ഈ നദിക്കു ചാരെ തുണനിന്ന് നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്. (അത് കഴിഞ്ഞ കാലം. ‘കാലസീമകളെ താണ്ടി ഊറ്റമാര്‍ന്നൊ’ഴുകി*** മണിമലയാറ്റില്‍ സംലയിച്ചിരുന്ന ആ ദിവ്യനദം ഇന്നില്ല. ഞങ്ങള്‍ അതിനെ കൊന്നുകളഞ്ഞു!!)

bu

ഒരു നദി ഉരുവംകൊള്ളുന്നിടത്തു ഒരു ദേവധാമം നിര്‍മ്മിക്കുക എന്നത് ഭാരതത്തില്‍ പലയിടത്തും കാണുന്ന ഒരു വഴക്കമാണ്. അത്തരം എത്രയോ സങ്കേതങ്ങള്‍ നമുക്കറിയാം! അതുപോലെ എന്തോ ഒരു കാരണം ഈ ക്ഷേത്രനിര്‍മിതിക്ക് പുറകിലും ഉണ്ട്. ആ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ആ പ്രാചീനര്‍, അവര്‍ ഒരിക്കലും ഓര്‍ത്തുകാണില്ല, ഇങ്ങനെ കര്‍മവിപര്യയം കാലഗതിയില്‍ ഇത് രണ്ടിനും വന്നു ഭവിക്കും എന്ന്. നദി മുടങ്ങിയത് നമുക്ക് മനസ്സിലാക്കാം, അടുത്ത കാലം സംഭവിച്ചത് കൊണ്ട്. പക്ഷെ, ഏതോ കാലത്തെ ഒരു സുപ്രധാനനാഗരികത എങ്ങനെ ഇങ്ങനെ തകര്‍ന്നു. അല്ലെങ്കില്‍ ആര്‍ ഇത് തകര്‍ത്തു? നേരെ അക്കരെ പുതുക്കുളങ്ങര പടനിലമാണ്. ആരുടെയെങ്കിലും വൈരം ഏതെങ്കിലും തരത്തില്‍ ഈ ഗതികേടിനു കാരണമായിട്ടുണ്ടോ? (അതോ, ഒരു പക്ഷെ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഏതോ കാരണത്താല്‍ വരട്ടാര്‍ ഇവരോട് ഇച്ഛതെറ്റി, പെരുകി ആര്‍ത്തലച്ചു വന്ന് അപ്പുറം നില്‍ക്കുന്ന നെച്ചാട്ടുപാറമേല്‍ അടിച്ചു തിരിഞ്ഞു ഇതിന്‍റെ പ്രാസാദങ്ങളെ അടിച്ചു തകര്‍ത്തതാവുമോ?)

bu1ഒന്നും അറിയില്ല. ആര്‍ക്കുമറിയില്ല.  വാര്യത്തെ വന്ദ്യരായ സഹോദരങ്ങള്‍ ശ്രീ ഗോപാലകൃഷ്ണവാര്യര്‍ക്കും ശ്രീ പരമേശ്വരവാര്യര്‍ക്കും അങ്ങനെ കാര്യമായി  ഒന്നും  കേട്ടുകേള്‍വിയിലില്ല. അവരുടെ കുറ്റമല്ല.  ചരിത്രം പലപ്പോഴും അങ്ങനെയാണ്. അത് പലതിനെയും അകാരണമായി മറവിയില്‍ നിര്‍ത്തും…  മറച്ചുപിടിക്കും…അങ്ങനെ ഒരു കഥയാണ് ഇവിടെയും. മറ്റൊരു കാരണം കൂടിയുണ്ട് ഇവിടെ. അവരുടെ പ്രായമേ ഉള്ളൂ, ആ കുലത്തിന്‍റെ ഇവിടേക്കുള്ള എത്തിപ്പെടലിനും വീട് പടുക്കലിനും.  ഓതറയിലെ വാര്യത്ത് നിന്നും ഇവിടെ എത്തിയ അവരുടെ അച്ഛന്‍, ഈ വിഗതനിധാനത്തെ അല്പമെങ്കിലും ഒന്ന് ചിട്ടപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടുണ്ടാവണം. അങ്ങനെയാവണം അദ്ദേഹം, ആ പറമ്പ് മുഴുവന്‍ ചിതറിക്കിടന്ന, അംഗഭംഗം വന്ന ആയിരത്തെട്ടോളം വിഗ്രഹങ്ങളെ പെറുക്കി ഒന്നൊന്നായി പ്രാര്‍ത്ഥനയോടെ വരട്ടാറ്റിലെ കഠാരക്കുഴിയില്‍ നിക്ഷേപിച്ചത്. പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ചിതറിയ നൂറുകണക്കായ വിഗ്രഹങ്ങളുടെ ഇടയില്‍ വിഹ്വലതയോടെ നിന്ന, ആ പാവം മനുഷ്യനെപ്പറ്റി. അതിനും ഏതോ കാലം പുറകില്‍, തന്‍റെ ഏതോ പൂര്‍വികര്‍, ഏതോ ദുര്ജ്ഞേയമായ കാരണത്താല്‍,(അതോ ആരെയോ ഭയന്നിട്ടോ,) അവിടുത്തെ കൊടിമരം അതെ കഠാരക്കുഴിയില്‍ നിക്ഷേപിച്ചത് ആ കാലസന്ധിയില്‍ അദ്ദേഹത്തിനു പ്രേരണ ആയിട്ടുണ്ടാവും. നമുക്ക് ലഭ്യമാവുന്ന ഏക പുരാവൃത്തം ആ കൊടിമരത്തെപ്പറ്റി മാത്രമാണ്.

ഏതായാലും ചരിത്രഗവേഷകര്‍ക്ക് മുന്‍പില്‍ സമര്‍പ്പിച്ചിരിക്കയാണ് ഈ വിഷയം. ഒരുവേള, അവര്‍ കാണാന്‍ വന്നേക്കാം. കരുമാടിയിലെയും മാവേലിക്കരയിലെയും ഭരണിക്കാവിലെയും ചേര്‍ത്തലയിലെയും ഒഴിച്ചാല്‍ ഈ ജില്ലയില്‍ നേര്‍ക്കുനേരെ ബുദ്ധന്‍ എന്ന് തോന്നിക്കുന്ന ഒരു വിഗ്രഹം ഉണ്ടോ? ബുധനൂരില്‍? അറിയില്ല. ഇതും, അദ്ദേഹം തന്നെ ആണെന്ന് അവര്‍ പറയുന്നത് വരെ അങ്ങനെ ഇരിക്കട്ടെ. അനുരാധാപുരശൈലിയോ, ഗാന്ധാരശൈലിയോ, ചോളശൈലിയോ. അവര്‍ നിര്‍ണയിക്കട്ടെ. അങ്ങനെ ചെയ്യുമ്പോഴും ഉടഞ്ഞ, അല്ലെങ്കില്‍ ഉടച്ച, ആറ്റില്‍ സമര്‍പ്പിച്ച 1008 വിഗ്രഹങ്ങള്‍ കൂടി വീണ്ടെടുക്കണം. എന്നിട്ടേ അന്തിമ അഭിപ്രായം പറയാവൂ. കാരണം , അറിഞ്ഞെടത്തോളം, അതില്‍ എത്രയോ ഗണപതിബിംബങ്ങള്‍ തന്നെ ഉണ്ട്. വാര്യര്‍ സമൂഹം, പരിവര്‍ത്തനം ചെയ്യപ്പെട്ട  താന്ത്രികബൌദ്ധര്‍**** ആണെന്നുള്ള ചില ചരിത്രകാരന്‍മാരുടെ വികലനിരീക്ഷണത്തെ കൂടി മനസ്സില്‍ വെച്ചുകൊണ്ട് തന്നെ പറയട്ടെ. അവിടെ ഒരു വൃദ്ധകാഞ്ഞിരത്തിന്‍റെ ചുവട്ടില്‍ പഴയ ഒരു യക്ഷിയമ്മ  ഉണ്ട്. എളുപ്പമാണ് അതിനെ താരാദേവി ആക്കാന്‍.(അല്പം കൂടി ശ്രമിച്ചാല്‍ ജിനന്‍മാരുടെ സഹാചാരിണി ആയ യക്ഷിണിയും ആക്കാം.) രക്ഷസ് ഉണ്ട്. അതും പറ്റും? എളുപ്പമാണ്.  ഒന്നു മാത്രം… വെയിലുകൊള്ളുന്ന ഞങ്ങളുടെ ആ പാവം ശാസ്താവിനെ അവലോകിതേശ്വരനും മറ്റും ആക്കി മാത്രം തിരുത്തരുതേ. ഞങ്ങള്‍ക്കു വേണം രാജലീലാസനസ്ഥനായ, പൂര്‍ണ-പുഷ്കലാസഹിത(?)നായ ആ ചാരുകേശിയെ. ഞങ്ങള്‍ക്കും പരമ്പരകള്‍ക്കും, താന്താങ്ങളുടെ ‘ഘണ്ടകാകീര്‍ണത’കള്‍ താണ്ടി എത്താന്‍!
************************************************************************************

അവര്‍ കൂട്ടിയാല്‍ കൂടുന്നതിലും എത്രയോ വലുതാണ് ആ സങ്കേതം ആവശ്യപ്പെടുന്നത്. സുബ്രഹ്മണ്യന് ചെറിയ ഒരു മേലാപ്പ്  ഉണ്ടാക്കിയതൊഴിച്ചാല്‍ മറ്റൊന്നും അവര്‍ക്ക് നടത്തി എടുക്കാന്‍ ആയിട്ടില്ല. അപൂര്‍വമായ വിശേഷദിവസങ്ങളില്‍ മാത്രമേ അത് തുറക്കാറും ഉള്ളൂ. അടുത്തത് തൈപ്പൂയത്തിനാണ്. അന്ന് പോയി വേണം, കാര്‍ത്തികേയനെ കാണാന്‍.

************************************************************************************

*സുബ്രഹ്മണ്യനെ ബ്രഹ്മശാസ്താവായി പഴയ ചില പ്രമാണങ്ങളില്‍ പറയുന്നു.

** ഈ ഭാഗത്തിന് റഷ്യന്‍ പ്രസിഡണ്ട്‌ ആയിരുന്ന ഗോര്‍ബച്ചേവിന്‍റെ പ്രഖ്യാതമായ ഒരു ഖണ്ഡത്തോട് കടപ്പാടുണ്ട്. നദീസംബന്ധിയായി, ആധുനികകാലത്ത് ഇത്ര മഹത്തായ മറ്റൊന്ന് കണ്ടിട്ടില്ല. അത് ഇതാ…

‘ജലാശയങ്ങള്‍ക്ക്‌, മതങ്ങളെയും ഇസങ്ങളെയും
പോലെതന്നെ ജനസഞ്ചയത്തെ അതിലേക്ക് അടുപ്പിക്കാന്‍ ശേഷിയുണ്ട്. ചരിത്രാതീതകാലം മുതല്‍ ജനം അതിലേക്കു നിരന്തരം സഞ്ചരിച്ചെത്തിയിട്ടുണ്ട്. കുടി വെച്ചിട്ടുണ്ട്. പാടിയും പറഞ്ഞും നൃത്തമാടിയും അതിലേക്കിറങ്ങി ജീവിതത്തെ ഒരു മേളയാക്കിയിട്ടുണ്ട്. അവര്‍ അതിനു വേണ്ടി യുദ്ധം ചെയ്തിട്ടുണ്ട്. അവ നിരന്തരം പെരുകുമ്പോഴും വരളുമ്പോഴും, സംസ്കാരങ്ങള്‍ നിശബ്ദം തടം വിട്ടുപോയിട്ടുണ്ട്. എന്നിരുന്നാലും എല്ലാ മനുഷ്യനും എല്ലായ്പോഴും അവര്‍ ചാരത്ത് ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു. എപ്പോഴും അവര്‍ക്ക്, അവയെ വേണമായിരുന്നു.’

***തുലാവര്‍ഷം/കവിത/ശ്രീധരനുണ്ണി/കേസരി വാരിക

****അങ്ങനെ ഒരു പണ്ഡിതമതം ഉണ്ട്. ശരിയോ തെറ്റോ? അറിയില്ല.

**********************************************************************************

അക്ഷയ പമ്പ മിഷന് വേണ്ടി പ്രവീണ്‍ ശങ്കരമംഗലം രേഖപ്പെടുത്തുന്നത്.