ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച കശ്മീര്‍ റീഡറിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കാന്‍ തീരുമാനം.

ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ദിനപത്രമായ കശ്മീര്‍ റീഡറിന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കാന്‍ തീരുമാനം. നിരോധനം നടപ്പാക്കി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് നടപടി.

പത്രത്തിലെ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണെന്ന ജമ്മു കശ്മീര്‍ ഇന്‍ഫോര്‍മേഷന്‍ ഡയറക്ടര്‍ ഷാഹിദ് ഇക്ബാല്‍ ചൗധരിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പത്രത്തിനു നിരോധനം ഏര്‍പ്പെടുത്തിയത്. ഒക്‌ടോബര്‍ 2 നാണ് അരക്ഷിതാവസ്ഥ കണക്കിലെടുത്ത് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ കശ്മീര്‍ റീഡര്‍ എന്ന പത്രം നിരോധിച്ചത്.

kr അക്രമവും പൊതുജന സമാധാനവും കണക്കിലെടുത്ത് സെക്ഷന്‍ 144 സിആര്‍ പിസി പ്രകാരവും 1989 ലെ പ്രസ് ആന്റ് പബ്ലിക്കേഷന്‍ ആക്ടിലെ സെക്ഷന്‍ 10 പ്രകാരവും ന്യൂസ് പേപ്പര്‍ ഒഫന്‍സ് ആക്ട് 1971 സെക്ഷന്‍ 3 പ്രകാരവുമാണ് പത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

കശ്മീര്‍ റീഡറിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ് മുഫ്തി കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.