സമര പന്തല്‍ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍

ലോ അക്കാദമിയുെട മുന്നിലുള്ള വിദ്യാര്‍ത്ഥികളുടേതടക്കമുള്ള സമര പന്തലുകള്‍ പൊളിച്ച് മാറ്റണമെന്ന് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ ഹര്‍ജി. ഹര്‍ജി നാളെ കോടതി പരിഗണിക്കും.കോളജിനകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം. ഹൈക്കോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

സമരം ചെയ്യുന്നവരും മാനേജുമെന്റുമായി ചർച്ച നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കോളജിൽ വൻ പൊലീസ് സന്നാഹമാണ്.രാത്രി എട്ട് മണിക്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ചേരുമെന്നും ലക്ഷ്മിയെ മാറ്റുന്നതടക്കം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ലക്ഷ്മി നായരുടെ പിതാവും അക്കാദമി ഡയറക്ടറുമായ നാരായണന്‍ നായര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികളേയും മാനേജ്‌മെന്റ് ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഓരോ സംഘടനയില്‍ നിന്നും രണ്ടുപേര്‍ വീതമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ബോര്‍ഡ് യോഗത്തിന് ശേഷമായിരിക്കും വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ച.സര്‍ക്കാര്‍ നടപടിയെടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും രാജിവെയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നുമായിരുന്നു ലക്ഷ്മി നായര്‍ ആദ്യം പ്രതികരിച്ചിരുന്നത്.