പളനിസാമി വിശ്വാസവോട്ട് നേടി

തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി പളനിസ്വാമി വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. 122 എംഎൽഎമാരുടെ പിന്തുണയോടെയാണ് പളനിസ്വാമി അധികാരം നിലനിർത്തിയത്. 11 അംഗങ്ങൾ പനീർശെൽവത്തെ പിന്തുണച്ചു. പ്രതിപക്ഷ അംഗങ്ങളെ മുഴുവൻ പുറത്താക്കിയാണ് സഭ ചേർന്നത്. നേരത്തേ, പ്രതിപക്ഷ ബഹളത്തെ തുടർന്ന് രണ്ടു വട്ടം നിയമസഭ നിർത്തിവച്ചിരുന്നു. ഡിഎംകെ അംഗങ്ങളെ പുറത്താക്കി വിശ്വാസ വോട്ടെടുപ്പ് നടത്താനായിരുന്നു സ്പീക്കറുടെ നിർദേശം. എന്നാൽ ഡിഎംകെ അംഗങ്ങൾ പുറത്തുപോകാതെ ബഹളം തുടരുകയായിരുന്നു. പിന്നീട് ബലംപ്രയോഗിച്ചാണ് ഡിഎംകെ അംഗങ്ങളെ സുരക്ഷാസേന പുറത്തെത്തിച്ചത്.

സഭയിൽ സ്പീക്കറുടെ മേശയും കസേരയും മൈക്കും ഡിഎംകെ അംഗങ്ങൾ തകർത്തിരുന്നു. രഹസ്യവോട്ടെടുപ്പ് ആവശ്യപ്പെട്ടാണ് ഡിഎംകെ അംഗങ്ങൾ സഭയിൽ ആക്രമണം അഴിച്ചുവിട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർ തന്‍റെ വസ്ത്രങ്ങൾ വലിച്ചു കീറിയതായും പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎമാരെ സുരക്ഷാ ഉദ്യോഗസ്ഥർ ഉപദ്രവിച്ചത് ചൂണ്ടിക്കാട്ടി ഗവർണർ സി. വിദ്യാസാഗർ റാവുവിനെ ഇന്നു കാണുമെന്നും സ്റ്റാലിൻ പറഞ്ഞു. ഗവർണർ മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കിയതായും വിവരമുണ്ട്. ഡിഎംകെ അംഗങ്ങളെ സഭയിൽനിന്ന് പുറത്താക്കിയത് ജനാധിപത്യവിരുദ്ധമെന്ന് ഒ. പനീർശെൽവം പറഞ്ഞു.