മിഠായി തെരുവില്‍ വീണ്ടും തീപ്പിടിത്തം

മിഠായിത്തെരുവില്‍ വീണ്ടും വന്‍തീപ്പിടിത്തം. മൂന്നു നില കെട്ടിടത്തിലെ മോഡേണ്‍ ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സ് പൂര്‍ണ്ണമായും കത്തിനശിച്ചു. കെട്ടിടത്തിനും ഫര്‍ണിച്ചറിനുമായി മാത്രം 85 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കത്തിനശിച്ച തുണിത്തരങ്ങളുടെ തുക ഇതിന്റെ ഇരട്ടിയോളം വരും.കോടികളുടെ നഷ്ടം. ഫയര്‍ഫോഴ്‌സ് മൂന്നു മണിക്കൂര്‍ ശ്രമിച്ചാണ് തീയണച്ചത്. രാവിലെ 11.15ഓടെയാണ് കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഇടത് ഭാഗത്തെ മൂലയില്‍ തീ കണ്ടത്. അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തീ ആളിപ്പടര്‍ന്നു.

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്ന് ഇരുപതോളം ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ വിമാനത്താവളത്തിലെ അത്യാധുനിക അഗ്നിശമന വാഹനങ്ങളും ചേര്‍ന്നാണ് തീയണച്ചത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുണ്ടായിരുന്ന നാല് ഗ്യാസ് സിലിണ്ടറുകള്‍ രക്ഷാപ്രവര്‍ത്തകരെ ആദ്യം വലച്ചു. സിലിണ്ടറുകള്‍ സാഹസികമായി എടുത്തു മാറ്റിയതോടെ വന്‍ദുരന്തം തടയാനായി. പങ്കജ് ബുലാനി, പ്രകാശ് ബുലാനി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ചെന്നൈ സ്വദേശി ഹിമാചലപതിയുടേതാണ് കട.