24 മണിക്കൂര്‍ വെടിനിര്‍ത്തല്‍

മാനുഷിക പരിഗണനയില്‍ ഇസ്രയേല്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ വെടിനിര്‍ത്തലിനോടു ഹമാസ് അനുകൂലമായി പ്രതികരിച്ചതോടെ ഗാസയില്‍ തല്‍ക്കാലത്തേക്കു വെടിയൊച്ച നിലച്ചു. എന്നാല്‍, ആയിരത്തിലേറെപ്പേരുടെ മരണത്തിനിടയാക്കിയ ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങളില്‍ കാര്യമായ പുരോഗതിയില്ല.

ആദ്യം പന്ത്രണ്ടു മണിക്കൂര്‍ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതിച്ചത്. യുഎസ് നേതൃത്വത്തില്‍ ഏഴു രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ പാരിസില്‍ യോഗം ചേര്‍ന്ന് അഭ്യര്‍ഥിച്ചതിനെ ത്തുടര്‍ന്നാണു വെടിനിര്‍ത്തല്‍ 24 മണിക്കൂര്‍ ദീര്‍ഘിപ്പിക്കാന്‍ ഇസ്രയേല്‍ മന്ത്രിസഭ തീരുമാനിച്ചത്. ആദ്യ 12 മണിക്കൂര്‍ വെടിനിര്‍ത്തലിനിടെ ഹമാസ് മിസൈലുകള്‍ ഇസ്രയേലില്‍ പതിച്ചതിനെത്തുടര്‍ന്ന് ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചിരുന്നു. തുടര്‍ന്നു യുഎന്‍ അഭ്യര്‍ഥന മാനിച്ചും ചെറിയ പെരുന്നാളായ ഈദുല്‍ ഫിത്ര്‍കൂടി പരിഗണിച്ചും വെടിനിര്‍ത്തലിനെ ഹമാസ് അനുകൂലിക്കുകയായിരുന്നു. ഗാസ അതിര്‍ത്തിയിലെ തുരങ്കങ്ങള്‍ പരിശോധിക്കുന്നതും തകര്‍ക്കുന്നതും തുടരുമെന്ന വ്യവസ്ഥയിലായിരുന്നു ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ഇന്നലെ അര്‍ധരാത്രിവരെ നീട്ടിയത്.

ഇരുപതു ദിവസം പിന്നിട്ട ഇപ്പോഴത്തെ സംഘര്‍ഷത്തില്‍ ഇതുവരെ 1060 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒന്നര ലക്ഷത്തിലേറെപ്പേര്‍ അഭയാര്‍ഥികളായി. ഹമാസ് ആക്രമണത്തില്‍ ഇസ്രയേല്‍ സേനയിലെ ഇന്ത്യന്‍ വംശജനായ ഫസ്റ്റ് ക്ലാസ് സര്‍ജന്റ് ബറാക് റെഫേല്‍ ഡെഗോര്‍കറും കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സേന അറിയിച്ചു. മുംബൈ മേഖലയില്‍നിന്നുള്ള ബെനേ ഇസ്രയേല്‍ സമുദായ അംഗമായിരുന്നു ഇരുപത്താറുകാരനായ ഡെഗോര്‍കര്‍. അന്‍പതിനായിരത്തോളം അംഗങ്ങളുള്ള ബെനേ ഇസ്രയേല്‍ സമുദായം ഇസ്രയേലിലുള്ള ഇന്ത്യന്‍ സമുദായങ്ങളില്‍ ഏറ്റവും വലുതാണ്.
സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങളില്‍ കാര്യമായ പുരോഗതിയില്ല. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതാണു കാരണം. ആക്രമണം നിര്‍ത്തണമെന്ന യുഎന്‍ അഭ്യര്‍ഥന വെടിനിര്‍ത്തലിനിടെയും ഹമാസ് മിസൈല്‍ അയച്ചുവെന്നതു ചൂണ്ടിക്കാട്ടി ഇസ്രയേല്‍ നിരസിച്ചു.