മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായി വി.എം. രാധാകൃഷ്ണന്‍ വിജിലന്‍സിനു മുന്നില്‍ കീഴടങ്ങി.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായി വി.എം. രാധാകൃഷ്ണന്‍ വിജിലന്‍സിനു മുന്നില്‍ കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അല്‍പ്പ സമയത്തിനകം രാധാകൃഷ്ണനെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ പാലക്കാട് വിജിലന്‍സ് സംഘത്തിന് മുന്‍പാകെ വി എം രാധാകൃഷ്ണന്‍ കീഴടങ്ങിയത്. ഫ്‌ലൈ ആഷ് അഴിമതി കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
മുന്‍ എംഡി പത്മകുമാര്‍ അടക്കം കേസില്‍ നാല് പ്രതികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് വി.എം. രാധാകൃഷ്ണന്‍ ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ലീഗല്‍ ഓഫീസറെ ജനുവരി 30ന് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാംപ്രതിയാണ് വിഎം രാധാകൃഷ്ണന്‍.
ഒമ്പതു വര്‍ഷത്തേക്ക് ഫ്‌ളൈ ആഷ് നല്‍കാന്‍ മലബാര്‍ സിമന്റ്‌സുമായി രാധാകൃഷ്ണന്റെ സ്ഥാപനമായ എആര്‍കെ വുഡ് ആന്‍ഡ് മെറ്റല്‍സ് കരാറുണ്ടാക്കിയിരുന്നു. നാലു വര്‍ഷത്തിനുശേഷം അതിന് കെട്ടിവെച്ച ബാങ്ക് ഗാരണ്ടി തുക പലിശസഹിതം പിന്‍വലിച്ചു. ബാങ്ക് ഗാരണ്ടിയും പലിശയുമുള്‍പ്പെടെ 52.45 ലക്ഷം രൂപ പിന്‍വലിച്ചത് മലബാര്‍ സിമന്റ്‌സിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിന്റെ അന്വേഷണം പ്രഹനസനമാണെന്ന് ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാധാകൃഷ്ണന് മുന്നില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും ആരോപണ വിധേയനായ വ്യവസായി രാധാകൃഷ്ണന്‍ നിയമത്തിന് അതീതനാണോയെന്നും കോടതി ചോദിച്ചിരുന്നു.