മണിയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ആരംഭിച്ച നിരാഹാരസമരം അനിശ്ചിതകാലത്തേക്ക് നീട്ടി.

മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണി വിട പറഞ്ഞിട്ട് ഒരു വര്‍ഷം ആയിട്ടും മരണകാരണം വ്യക്തമായിട്ടില്ല. മണിയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ആരംഭിച്ച നിരാഹാരസമരം അനിശ്ചിതകാലത്തേക്ക് നീട്ടി. ചാലക്കുടി കലാമന്ദിറില്‍ കഴിഞ്ഞ രണ്ടു ദിവസമായി നിരാഹാരസമരം നടത്തുകയായിരുന്നു രാമകൃഷ്ണന്‍. ഇതിനോട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാതെ വന്നതോടെയാണ് സമരം അനിശ്ചിത കാലത്തേക്ക് നീട്ടിയത്.

ചാലക്കുടി എംപി സംഭവത്തില്‍ ഇടപെടണമെന്നും മണിയുടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം പുറത്ത് കൊണ്ടു വരണമെന്നുമാണ് അദേഹത്തിന്റെ ആവശ്യം. കുടുംബാംഗങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പ്രതികള്‍ക്ക് അനുകൂലമായി പൊലീസ് എഴുതിയെന്ന ആരോപണവും സഹോദരന്‍ ഉന്നയിച്ചിട്ടുണ്ട്.

അമൃതയില്‍ ചികിത്സയിലായിരുന്ന സമയത്ത് തന്നെ മണിയുടെ ശരീരത്തില്‍ വിഷാംശം കലര്‍ന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മഞ്ഞപ്പിത്തമാണ് മരണകാരണമെന്നാണ് പോലീസ് റിപ്പോര്‍ട്ട് എഴുതിയത്. രാമകൃഷ്ണന്‍ പറഞ്ഞു. മണിയുടെ മരണം സ്വാഭാവിക മരണമാക്കാന്‍ പോലീസ് ശ്രമിക്കുകയാണ്. ഇതിനായാണ് ശരീരത്തില്‍ വിഷാംശമുണ്ടെന്ന് കളമശേരി ലാബില്‍ കണ്ടെത്തിയിട്ടിട്ടും ആന്തരികാവയവങ്ങള്‍ നാഷണല്‍ ലാബിലേക്ക് അയച്ചതെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം മണിയുടെ മരണത്തിലെ ദുരൂഹത തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.

മണിയുടെ ചില ശീലങ്ങള്‍ തന്നെയാണ് മരണത്തിനു കാരണമെന്നാണ് പിണറായി പറയുന്നത്. ചാലക്കുടി നഗരസഭ നടത്തിയ മണി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരനായി ജീവിച്ച താരമാണ് മണിയെന്നും പിണറായി പറഞ്ഞു. ചില ശീലങ്ങളില്‍ നിന്ന് മാറി നിന്നിരുന്നുവെങ്കില്‍ മണി ഇത്ര ചെറുപ്രായത്തില്‍ തന്നെ മരിക്കില്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.