പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു.

പൊങ്കാലപ്രഭയില്‍ തിളങ്ങി അനന്തപുരി ആറ്റുകാലമ്മയുടെ പുണ്യം തേടിയെത്തിയ ലക്ഷോപലക്ഷം ഭക്തജനങ്ങള്‍ അനന്തപുരിയില്‍. രാവിലെ 10.45ന് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു.
അടുപ്പുവെട്ടിന് ശേഷം ആറ്റുകാല്‍ ക്ഷേത്രതന്ത്രി തെക്കേടത്ത് കഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിക്ക് കൈമാറി. ക്ഷേത്ര തിടപ്പള്ളികളിലെ അടുപ്പുകളില്‍ തീ പകര്‍ന്ന ശേഷം മേല്‍ശാന്തി കൈമാറിയ അഗ്‌നി സഹ മേല്‍ശാന്തി പി.വി കേശവന്‍ നമ്പൂതിരി ക്ഷേത്രത്തിനു പുറത്തെ പണ്ടാര അടുപ്പിലേക്ക് പകര്‍ന്നതോടെ അമ്മേ നാരായണാ… ദേവീ നാരായണ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയില്‍ പൊങ്കാലയ്ക്ക് തുടക്കമായി.
ചെണ്ടമേളവും കതിനാവെടിയും വായ്ക്കുരവയും മുഴങ്ങുന്നതിനിടെ പൊങ്കാല അടുപ്പുകളിലേക്കും തീ പകര്‍ന്നു. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഏകദേശം 40 ലക്ഷത്തോളം ഭക്തര്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. ഇതിനായി 250 ഓളം പൂജാരിമാരാണുള്ളത്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം.
തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോ മീറ്റര്‍ അകലെ കിള്ളിയാറിന്റെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങെന്ന നിലയില്‍ ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. പൊങ്കാല ഇട്ടാല്‍ ആപത്തുകള്‍ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും മോക്ഷം ലഭിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.